| Saturday, 22nd June 2024, 10:30 am

മോശമവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ആ പൃഥ്വിരാജ് ചിത്രമെത്തുന്നത്; പിന്നീട് കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചു: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂടെ. നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ റോഷന്‍ മാത്യുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഓരോ സിനിമക്ക് ശേഷവും ഒരുപാട് സ്‌ട്രെഗിള്‍ ഉണ്ടാകാറുണ്ടെന്നും അതില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചിട്ടുള്ളത് ഇടക്ക് വരുന്ന നല്ല സിനിമകളാണെന്നും പറയുകയാണ് റോഷന്‍ മാത്യു.

കൂടെ എന്ന സിനിമ വരുന്ന സമയത്ത് താന്‍ ഒരു വര്‍ക്കുമില്ലാതെ നില്‍ക്കുകയായിരുന്നുവെന്നും അതിന് ശേഷം പിന്നീട് കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്നും താരം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു നല്ല സിനിമക്ക് ശേഷം പിന്നീട് വരുന്ന സിനിമ മോശമായാല്‍ സ്‌ട്രെഗിള്‍ കൂടുകയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റോഷന്‍.

‘ഒരു നല്ല സിനിമക്ക് ശേഷം സ്‌ട്രെഗിള്‍ എന്തായാലും കൂടും. പിന്നീട് വരുന്നത് മോശം സിനിമയാണോ നല്ല സിനിമയാണോ എന്നൊന്നുമില്ല. പല രീതിയിലും സ്‌ട്രെഗിള്‍ വര്‍ധിക്കും. അങ്ങനെ സ്‌ട്രെഗിള്‍ ചെയ്ത പോയന്റുണ്ടോയെന്ന് ചോദിച്ചാല്‍ പല പോയന്റ്‌സുമുണ്ട്. അതില്‍ നിന്നൊക്കെ ഏതെങ്കിലും നല്ല സിനിമയാകും എന്നെ രക്ഷിച്ചിട്ടുള്ളത്.

എനിക്ക് ‘കൂടെ’ എന്ന സിനിമ വരുന്ന സമയത്ത് ഞാന്‍ ഒരു വര്‍ക്കുമില്ലാതെ നില്‍ക്കുകയായിരുന്നു. ഓഡീഷന്‍ ചെയ്തിട്ട് കിട്ടിയ സിനിമയായിരുന്നു അത്. അവിടുന്ന് പിന്നീട് കുറേ നല്ല കാര്യങ്ങള്‍ സംഭവിച്ചിരുന്നു. അതുപോലെ പല സിനിമകളും ഉണ്ടായിട്ടുണ്ട്. മോശം ഫേസില്‍ നില്‍ക്കുമ്പോഴാകും ആ സിനിമകള്‍ വരുന്നത്,’ റോഷന്‍ മാത്യു പറഞ്ഞു.

റോഷന്‍ മാത്യുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത സിനിമയില്‍ നായികയാകുന്നത് ദര്‍ശന രാജേന്ദ്രനാണ്. ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയ ജയ ജയ ജയഹേ എന്നീ സിനിമകള്‍ ഇറങ്ങിയ വര്‍ഷം പിന്നീടുള്ള പത്ത് മാസം താന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു എന്നാണ് നടി ദര്‍ശന രാജേന്ദ്രന്‍ പറയുന്നത്.

‘ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അത് ഹൈപ്പിലാണ് നില്‍ക്കുന്നതെങ്കില്‍ പോലും നമുക്ക് ആ ഹൈപ്പൊന്നും ഉണ്ടാവില്ല. എന്റെ ഹൃദയം, ഡിയര്‍ ഫ്രണ്ട്, ജയഹേ ഈ സിനിമകളൊക്കെ ഇറങ്ങിയ വര്‍ഷം പിന്നെയുള്ള പത്ത് മാസം ഞാന്‍ ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ആ പത്ത് മാസം അടുത്ത സിനിമ ഏതാകുമെന്ന് കണ്ടെത്തുന്നതും ഒരു സ്‌ട്രെഗിള് തന്നെയാണ്. അതൊട്ടും ഈസിയായ കാര്യമല്ല,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.

Also Read: ആ ചിത്രം സംവിധാനം ചെയ്ത് സായിദ് മസൂദിനെ പോലെ ഞാൻ തന്നെ സെക്കന്റ്‌ ഹാഫിൽ എൻട്രി നടത്തും: ധ്യാൻ ശ്രീനിവാസൻ

Also Read: ഏട്ടന്റെ അടുത്ത ചിത്രം ഒരു ആക്ഷൻ പടമാണ്, അതിലും ക്ലീഷേയും ക്രിഞ്ചും ഉണ്ടെങ്കിൽ പുള്ളിയെ വെറുതെ വിടരുത്: ധ്യാൻ ശ്രീനിവാസൻ

Also Read:അന്ന് ശ്രീലങ്കക്കാര്‍ ഒരു സിനിമാ പോസ്റ്റര്‍ കാണിച്ചു തന്നു; അതൊരു മലയാള നടന്റേതായിരുന്നു: റോഷന്‍ മാത്യു


Content Highlight: Roshan Mathew Talks About Koode Movie

We use cookies to give you the best possible experience. Learn more