പവന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ധൂമം. ഈ ത്രില്ലര്‍ ചിത്രം നിര്‍മിച്ചത് ഹോംബാലെ ഫിലിംസായിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ ധൂമത്തില്‍ അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, വിനീത്, അനു മോഹന്‍, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് റോഷന്‍ മാത്യു. ധൂമത്തിലെ ഡയലോഗുകള്‍ താന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നുവെന്നും പക്ഷെ ആ സിനിമ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമായില്ലെന്നും റോഷന്‍ പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില സിനിമകളില്‍ മാത്രമേ പ്രിപ്പറേഷന്റെ ആവശ്യമുള്ളു. ചില സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആ കഥാപാത്രത്തിന്റെ ഫ്‌ളോയാകും. അപ്പോള്‍ അതില്‍ കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യം വരില്ല. അങ്ങനെയല്ലാത്ത സിനിമകളുമുണ്ട്. ചില സീനുകളില്‍ ചില പോയിന്റുകള്‍ കൊണ്ടുവന്നേ പറ്റുള്ളു. ചില കാര്യങ്ങള്‍ അവിടെ പറഞ്ഞാല്‍ മാത്രമേ, എനിക്ക് അടുത്ത സീനില്‍ തുടരാന്‍ പറ്റുള്ളു എന്ന അവസ്ഥ വന്നേക്കാം.
എന്റെ ധൂമം എന്ന സിനിമയില്‍ അങ്ങനെയുള്ള ചില കാര്യങ്ങളുണ്ട്. ആ സിനിമയിലെ ഡയലോഗുകള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. പക്ഷെ പടം കണ്ടിട്ടുള്ള ഒരുപാട് ആളുകള്‍ക്ക് അത് ഇഷ്ടമായില്ല. ഒരുപാട് ക്രിട്ടിസിസം കിട്ടിയിട്ടുള്ള ഒരു സിനിമയാണ് അത്. എന്നാല്‍ എനിക്ക് ഡയലോഗ് വെച്ച് ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വളരെ ഇഷ്ടമാണ്.
ഒരുപാട് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. പക്ഷെ ഒരുപാട് ഡയലോഗുകള്‍ കിട്ടി കഴിഞ്ഞാല്‍ അത് ചെയ്യാന്‍ ഞാന്‍ തയ്യാറാകും. എന്നുകരുതി എല്ലാ ഡയലോഗുകളും നന്നായി പറയുന്ന ആളല്ല ഞാന്‍. ചില സിനിമകളില്‍ ഡയലോഗ് ഡെലിവറിയില്‍ പരാജയപ്പെട്ടിട്ടുണ്ട്. അത് പിന്നീടാകും മനസിലാകുക,’ റോഷന്‍ മാത്യു പറഞ്ഞു.
Content Highlight: Roshan Mathew Talks About Dhoomam Movie