ആനന്ദത്തിന് വേണ്ടി അന്ന് ചെയ്ത കാര്യം പ്രിപ്പറേഷനായി തോന്നിയില്ല; അതിന് കാരണമുണ്ട്: റോഷന്‍ മാത്യു
Entertainment
ആനന്ദത്തിന് വേണ്ടി അന്ന് ചെയ്ത കാര്യം പ്രിപ്പറേഷനായി തോന്നിയില്ല; അതിന് കാരണമുണ്ട്: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 13, 02:30 pm
Tuesday, 13th August 2024, 8:00 pm

2016ല്‍ പുറത്തിറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു ആനന്ദം. ഗണേഷ് രാജിന്റെ ആദ്യ സംവിധാനത്തില്‍ എത്തിയ ഈ സിനിമ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ സൗഹൃദമായിരുന്നു പറഞ്ഞത്. തോമസ് മാത്യു, അരുണ്‍ കുര്യന്‍, വിശാഖ് നായര്‍, റോഷന്‍ മാത്യു, സിദ്ധി, അന്നു ആന്റണി, അനാര്‍ക്കലി മരയ്ക്കാര്‍, റോണി ഡേവിഡ്, വിനീത കോശി തുടങ്ങി മികച്ച താരനിര ആയിരുന്നു ആനന്ദത്തില്‍ ഒന്നിച്ചത്.

ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് റോഷന്‍ മാത്യു. ആനന്ദത്തില്‍ ഗൗതം എന്ന കഥാപാത്രമായിട്ടായിരുന്നു റോഷന്‍ എത്തിയത്. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു സിനിമക്ക് വേണ്ടി ആദ്യമേ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടാണോ പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റോഷന്‍.

‘ചില സിനിമകള്‍ക്ക് വേണ്ടി ആദ്യമേ പ്രിപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. ചിലതിന് അതിന്റെ ആവശ്യം വന്നിട്ടില്ല. ആനന്ദം പോലെ ഒരു പടത്തിന് പ്രിപ്പറേഷന്‍ നടത്തിയിരുന്നില്ല. പക്ഷെ ആ സിനിമ ഷൂട്ട് ചെയ്ത് തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ എല്ലാവരും ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു.

ഞങ്ങള്‍ക്ക് ഇടയില്‍ സൗഹൃദം വളരെ നാച്ചുറലായി തോന്നാനായി ഒരു ബോണ്ട് ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി ആയിരുന്നു അങ്ങനെ ചെയ്തത്. ഗണേഷേട്ടന്‍ അതിന് വേണ്ടിയാണ് ഞങ്ങളെ ഒരുമിച്ച് നിര്‍ത്തിയത്. ഞാന്‍ അതിനെ ഒരു പ്രിപ്പറേഷനായിട്ടാണ് ഇന്ന് കാണുന്നത്. അന്ന് പക്ഷെ അങ്ങനെ ഫീല്‍ ചെയ്തിരുന്നില്ല.

അന്ന് ആരോ നമ്മളെ സ്‌പോണ്‍സറ് ചെയ്യുന്ന എന്ന രീതിയിലാണ് അതിനെ ഞാന്‍ കണ്ടിരുന്നത്. അതായത് നമുക്ക് കൃത്യമായി ഭക്ഷണവും മറ്റുമൊക്കെ കിട്ടുന്നുണ്ടായിരുന്നു. നിങ്ങള്‍ ഫ്രണ്ട്‌സായിക്കോളു എന്നാണ് അവര് ഞങ്ങളോട് പറഞ്ഞത്. അങ്ങനെയുള്ള തയ്യാറെടുപ്പുകള്‍ ചില സിനിമക്കായി നടക്കാറുണ്ട്,’ റോഷന്‍ മാത്യു പറഞ്ഞു.


Content Highlight: Roshan Mathew Talks About Aanandam Movie