| Saturday, 22nd June 2024, 1:23 pm

അത് വിഷമിപ്പിച്ചു; ആ വീഡിയോക്ക് വന്ന കമന്റിലൂടെ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയില്‍ എത്തി ശ്രദ്ധേയനായ താരമാണ് റോഷന്‍ മാത്യു. കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ റോഷന് സാധിച്ചിരുന്നു. എന്നെങ്കിലും താന്‍ കമന്റുകള്‍ കണ്ടിട്ട് വിഷമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു.

‘കമന്റുകള്‍ കണ്ടിട്ട് വിഷമം തോന്നിയിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച കമന്റ് ‘വേസ്റ്റ് ആക്ടര്‍ കൂതറ റോഷന്‍’ എന്നതായിരുന്നു (ചിരി). ഇത് എന്താണെന്ന് ഞാന്‍ എക്‌സ്‌പ്ലൈന്‍ ചെയ്യാം. എന്റെ എല്ലാ ഫ്രണ്ട്‌സിനും ഈ കമന്റിനെ കുറിച്ച് അറിയാം. 2016ലോ മറ്റോ ആയിരുന്നു ഈ കമന്റ് വരുന്നത്. ഏത് പടത്തിന്റെ സമയത്താണെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല. മറ്റൊന്നും ഓര്‍മയില്‍ ഇല്ലെങ്കിലും ആ കമന്റിന്റെ വിഷ്വല്‍ ഇന്നും മനസില്‍ തെളിഞ്ഞ് കാണാം.

യൂട്യൂബിലെ ഏതോ പാട്ടിന്റെയോ ട്രെയ്‌ലറിന്റെയോ മറ്റോ താഴെയാണ് ഈ കമന്റ് വന്നത്. ഞാന്‍ മാത്രമായിരുന്നില്ല അതില്‍ ഉണ്ടായിരുന്നത്, മറ്റ് ആക്ടേഴ്‌സും അതില്‍ ഉണ്ടായിരുന്നു. അതിന്റെ താഴെ ഒരാള്‍ ഓള്‍ ക്യാപ്‌സ് ലോക്കില്‍ ഒരു സ്‌പേസ് പോലും ഇടാതെയാണ് ‘വേസ്റ്റ് ആക്ടര്‍ കൂതറ റോഷന്‍’ (WORSTACTORKOOTHARAROSHAN) എന്ന കമന്റിട്ടത്. അത് എഴുതിയിട്ട ആള്‍ ചിലപ്പോള്‍ ഇത് കേട്ട് സന്തോഷിക്കുന്നുണ്ടാകും. എനിക്ക് അയാള്‍ക്ക് ആ സാറ്റിസ്ഫാക്ഷന്‍ നല്‍കാന്‍ താത്പര്യമില്ല. പക്ഷെ ഇത് എക്‌സ്‌പ്ലെയിന്‍ ചെയ്യണമല്ലോ എന്നോര്‍ത്താണ് ഇപ്പോള്‍ പറയുന്നത്.

Also Read: ഞാന്‍ പ്രണവിന്റെ നായിക ആയതില്‍ അവര്‍ അണ്‍കംഫേര്‍ട്ടായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

കമന്റ് വായിച്ച് എന്നെ എഫക്ട് ചെയ്തത് ആ വാക്കുകളല്ല. അയാള്‍ക്ക് ക്യാപ്‌സ് ലോക്കിട്ട് ഒരു സ്‌പേസ് പോലും അടിക്കാന്‍ ആകാതെ അത്രയും ഇന്റന്‍സിറ്റിയില്‍ ഇത് പറയാന്‍ തോന്നിയല്ലോ എന്ന എന്റെ ചിന്തയാണ് എഫക്ട് ചെയ്തത്. നമ്മള്‍ സാധാരണ മെസേജൊക്കെ അയക്കുമ്പോള്‍ ക്യാപ്‌സ് ലോക്ക് ഇട്ടാലും ഇടക്ക് ഒരു വാക്ക് കഴിഞ്ഞാല്‍ സ്‌പേസടിക്കും. അതുപോലും ഇല്ലാതെ ഇയാള്‍ക്ക് ഇങ്ങനെ പറയാന്‍ തോന്നിയില്ലേ. അങ്ങനെയെങ്കില്‍ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി. ആ കമന്റിന്റെ ഓര്‍മകള്‍ ഞാന്‍ ഇപ്പോഴും കൊണ്ടുനടക്കാറുണ്ട്. ആ വിഷ്വല്‍ എന്റെ മനസില്‍ നിന്ന് പോകില്ല,’ റോഷന്‍ മാത്യു പറഞ്ഞു.


Content Highlight: Roshan Mathew Talks About A Negative Comment

We use cookies to give you the best possible experience. Learn more