കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.
നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. തന്റെ സഹതാരങ്ങളായ ദർശന രാജേന്ദ്രൻ, കനി കുസൃതി, രാജേഷ് മാധവൻ എന്നിവരെ കുറിച്ച് പറയുകയാണ് റോഷൻ.
നമ്മുടെ വർക്കിൽ ഫോക്കസ് ചെയ്താൽ നല്ല സിനിമകൾ നമ്മളെ തേടിവരുമെന്നും അതിന് ഉദാഹരണമാണ് ദർശനയുടെ ജയ ജയ ജയഹേയെന്നും റോഷൻ പറയുന്നു. ചിത്രത്തിലെ സീനുകൾക്ക് പ്രേക്ഷകർ കയ്യടിക്കുന്നത് കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷം തോന്നിയിരുന്നുവെന്നും താരം പറഞ്ഞു.
രാജേഷ് മാധവന്റെ വലിയ ഫ്ലക്സുകൾ റോഡ് സൈഡിൽ കണ്ടപ്പോഴും അഭിമാനമാണ് തോന്നിയതെന്നും താരം പറഞ്ഞു. ധന്യ വർമയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘നമ്മൾ നമ്മുടെ വർക്കിൽ ഫോക്കസ് ചെയ്ത് കൊണ്ട് നിന്നാൽ നല്ല സിനിമകളും പ്രൊജക്റ്റ്‌കളും നമ്മളെ തേടി വരും. നമുക്ക് അർഹിക്കുന്ന തരത്തിലുള്ള സിനിമകൾക് നമ്മളുടെ അടുത്തേക്ക് വരും.
ദർശനയുടെ ജയഹേ കണ്ടപ്പോഴും എനിക്കതാണ് തോന്നിയത്. കാരണം അത് പൂർണമായി മറ്റൊരു തരത്തിലുള്ള വിജയമാണ്. ഞാൻ കുറെ കൊല്ലം മുമ്പ് ചെന്നൈയിൽ ഏതോ സ്റ്റേജിൽ കണ്ട അഭിനേതാവ്, ഞാൻ അന്ന് തന്നെ കരുതിയിരുന്നു ഇത് അടിപൊളി ആക്ടർ ആണല്ലോയെന്ന്. അതിന് ശേഷം അവൾ എന്റെ സുഹൃത്തായി ഇത്രേം കാലം എന്റെ കൂടെ നിന്നു.
അങ്ങനെയൊരാൾ പെർഫോം ചെയ്യുന്ന ഒരു സീനിൽ ഒരു തിയേറ്റർ മൊത്തം കയ്യടിക്കുന്നത് കാണുന്നത്തിൽ തന്നെ ഒരു മാജിക്കുണ്ട്. കനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് എനിക്ക് തോന്നാറുള്ളത്. അതുപോലെ തന്നെയാണ് രാജേഷ് മാധവൻ.
ഞാൻ ഒരിക്കൽ എയർപോർട്ടിൽ വന്നിറങ്ങി വീട്ടിലേക്ക് വരുമ്പോൾ ആലുവ ഫ്ലൈ ഓവറിന്റെ അവിടെ നിവർന്ന് നിൽക്കുകയാണ് അവന്റെ ഫ്ലക്സ് അതും പ്രേമിച്ചുകൊണ്ട്. അത് ശരിക്കും അഭിമാനമാണ്. വലിയ സന്തോഷം തരുന്ന കാര്യമാണ്,’ റോഷൻ മാത്യു പറയുന്നു.
Content Highlight: Roshan Mathew Talk About Rajesh Madhavan