കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.
നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ റോഷൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒരു ഇറോട്ടിക് ത്രില്ലർ ചിത്രമായിരുന്നു ചതുരം.
ചിത്രത്തിൽ അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ കൂടെയുള്ളവരെ വിശ്വസിച്ചാണ് ഒരു സിനിമ ചെയ്യുന്നതെന്നും റോഷൻ പറയുന്നു. ആദ്യ ചിത്രമായ പുതിയ നിയമത്തിൽ അഭിനയിച്ചപ്പോൾ ഇത്തരം വേഷങ്ങൾ ഇനി ചെയ്യരുതെന്ന് കുടുംബത്തിലെ ചിലർ പറഞ്ഞിട്ടുണ്ടെന്നും റോഷൻ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ കൂടെയുള്ളവരെ വിശ്വസിക്കുക എന്നതാണ് കാര്യം. അത് ഷൂട്ട് ചെയ്യുന്ന സമയത്തും സിനിമയായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന സമയത്തും അത് മേക്ക് ചെയ്യുന്നവരുടെ കാഴ്ചപ്പാടിലാണ് നമ്മൾ കാണുന്നത്. അതിൽ അഭിനയിക്കുന്ന സമയത്ത് ആ സിനിമ എടുക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് നമുക്ക് കൃത്യമായി മനസിലാവും.
അത് നിർമിക്കുന്നവരുടെ ചിന്തയിൽ എന്തെങ്കിലും മോശം ഉദ്ദേശം ഉണ്ടെങ്കിൽ അത് നമുക്ക് തിരിച്ചറിയാം. അത് റിസ്ക് ആണോയെന്ന് ചോദിച്ചാൽ വലിയ റിസ്ക് തന്നെയാണ്. പലപ്പോഴും ഒരു സിനിമയിൽ അഭിനയിക്കുമ്പോഴാണ് പലരെയും നമ്മൾ കാണുന്നത്. അവിടെ ചെന്നിട്ട് അത് ഓക്കെയായിരിക്കും എന്ന പ്രതീക്ഷയിൽ അഭിനയിക്കുകയാണ്.
നമ്മൾ ഒരു അഭിനേതാവാണ് ഒരു കഥാപാത്രമാണ് ചെയ്യുന്നത് എന്ന് മാത്രം ആലോചിച്ചാൽ മതി. ഞാൻ ലൈഫിൽ ആദ്യമായി അഭിനയിക്കുന്ന സിനിമ പുതിയ നിയമമാണ്. ആ സമയത്ത് എന്നോട് ഫാമിലിയിലെ ഒരാൾ പറഞ്ഞു, നമ്മുടെ കുടുംബത്തിൽ നിന്നൊരാൾ അങ്ങനെ റേപ്പിസ്റ്റിന്റെ വേഷം ചെയ്യണ്ട എന്നാണ്. ഞാൻ കരുതിയത് റേപ്പിസ്റ്റായി അഭിനയിക്കുകയല്ലേ എന്നാണ്.
പിന്നെ കേട്ട ഒരു കാര്യം ഇനി അങ്ങനെയുള്ള സിനിമകളായിരിക്കും വരുക എന്നതാണ്. നമുക്കൊന്നും പ്ലാൻ ചെയ്യാൻ പറ്റുന്ന ഫീൽഡല്ല സിനിമ. നമ്മൾ വിശ്വസിച്ചൊരു പരിപാടിയങ്ങ് ചെയ്യുകയാണ്,’റോഷൻ പറയുന്നു.
Content Highlight: Roshan Mathew Talk About Chathuram and Puthiya Niyamam Movie