Advertisement
Entertainment
ഞാന്‍ ശീലിച്ചിരുന്ന അഭിനയ ശൈലിയെ നസ്രിയ പൊളിച്ചടുക്കി കൈയ്യില്‍ തന്നു; അനുഭവം പങ്കുവെച്ച് റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 02, 01:12 pm
Friday, 2nd July 2021, 6:42 pm

കൂടെ എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചവരാണ് റോഷന്‍ മാത്യുവും നസ്രിയ നാസിമും. തന്റെ അഭിനയ ശൈലിയില്‍ നസ്രിയ കാരണം വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് റോഷന്‍ മാത്യു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ അനുഭവം പങ്കുവെക്കുന്നത്.

കഥാപാത്രമായി മാറാന്‍ മുന്‍കൂറായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന ഒരാളായിരുന്നു താനെന്നാണ് റോഷന്‍ പറയുന്നത്.

കഥാപാത്രം ചിന്തിക്കുന്ന പോലെ ചിന്തിച്ചും കഥാപാത്രത്തിന്റെ ശൈലികള്‍ മനസ്സിലാക്കിയും ഷോട്ട് എടുക്കുന്നതിന് കുറച്ച് മുന്‍പ് താന്‍ തയ്യാറായി ഇരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ലെന്നും ‘കൂടെ’യുടെ ഷൂട്ടിനിടെ നസ്രിയയാണ് ആ രീതി പൊളിച്ചടുക്കി കൈയ്യില്‍ തന്നതെന്നും റോഷന്‍ പറയുന്നു.

‘പിന്നീട് ആ രീതി താന്‍ ചെയ്തിട്ടില്ല. നസ്രിയ സ്വിച്ച് ഇട്ട പോലെ അഭിനയിക്കുന്നയാളാണ്. ആക്ഷന്‍ പറയുന്ന സമയത്ത് ക്യാരക്റ്ററാവും. ഞാനൊക്കെ പത്ത് മിനുട്ടോളം കഥാപാത്രത്തെ അള്ളിപ്പിടിച്ചിരിക്കാറായിരുന്നു പതിവ്. എന്തായാലും ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല,’ റോഷന്‍ പറഞ്ഞു.

നസ്രിയ തന്റെ അടുത്ത സുഹൃത്താണെന്നും ഒരു ഗുണ്ടയെപ്പോലെയാണ് നസ്രിയ തന്റെയടുത്തെന്നും റോഷന്‍ പറയുന്നുണ്ട്.

‘കൂടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഞാനും നസ്രിയയും നല്ല കമ്പനിയായി. എന്നെ ഒരുപാട് ദ്രോഹിക്കാറുണ്ടെങ്കിലും എനിക്ക് നല്ല ഇഷ്ടമാണ് അവരെ. ഫഹദിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഫഹദ് ഒരു ബ്രില്ല്യന്റ് ആക്ടറാണ്. നിലവില്‍ ആക്ടിങ്ങിന്റെ കാര്യത്തില്‍ എനിക്ക് പ്രചോദനമായ നടന്‍മാരില്‍ ഒരാളാണ് ഫഹദ്. ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു നടനാണ് ഞാന്‍. സീ യു സൂണിലൂടെ അത് നടന്നതില്‍ ഏറെ സന്തോഷമുണ്ട്,’ റോഷന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Roshan Mathew shares experience about Nazriya