അഭിനയിക്കുക എന്നതാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നും നാടകങ്ങളില്‍ സജീവമായ സമയത്തും അത് അങ്ങനെ തന്നെയായിരുന്നുവെന്നും നടന്‍ റോഷന്‍ മാത്യു.
അഭിനയം ഏത് മേഖലയില്‍ ചെയ്താലും നന്നായി ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്നും സിനിമ എന്നത് ആദ്യ കാലത്ത് ആലോചിച്ചിട്ടേ ഇല്ലായിരുന്നുവെന്നും റോഷന്‍ മാത്യു പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘കോളേജില്‍ നാടകം കളിച്ച് നടക്കുന്ന സമയത്ത് കുടുതല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതില്ലാത്തതുകൊണ്ടാണ്. അതില്‍ നിന്ന് ഒരു വരുമാനമോ കരിയര്‍ ഓപ്പര്‍ച്യൂനിറ്റിയോ ആ സമയത്ത് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അത് ശരിക്കും ആ മൊമന്റിലെ ഫണ്‍ ആയിരുന്നു. ആ മൊമന്റായിരുന്നു നമ്മള്‍ ആസ്വദിച്ചിരുന്നത്.
എപ്പോഴും ആക്ടിങ്ങ് മതി എന്നായിരുന്നു എന്റെ ലോജിക്ക്. അത് എവിടെ ചെയ്യാന്‍ പറ്റിയാലും നന്നായി ചെയ്യണം എന്നാണ് ആഗ്രഹിച്ചിരുന്നത്. സിനിമ എന്നത് ആലോചിച്ചിട്ടേ ഉണ്ടായിരുന്നില്ല. പ്രാക്ടിക്കലായി അതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അതൊന്നും നടക്കാന്‍ പോകുന്നില്ല എന്നതായിരുന്നു അപ്പോഴത്തെ ചിന്ത.
ചെന്നൈയില്‍ നാടകം കളിച്ചുകൊണ്ടിരുന്ന സമയത്ത് എനിക്ക് പരിചയമുള്ള എത്രയോ നല്ല നടന്മാരില്‍ ഒന്നോ രണ്ടോ ആള്‍ക്കാര്‍ മാത്രമേ എവിടെയെങ്കിലും സിനിമയില്‍ അല്‍പ്പമെങ്കിലും തല കാണിക്കുന്നുള്ളു. അന്ന് സ്വപ്‌ന കണ്ട് ചെയ്ത പല സിനിമകളും വെളിച്ചം കണ്ടിട്ടുണ്ടായിരുന്നില്ല. കുറച്ച് പേടിയോടെയാണ് സിനിമ എന്ന ലോകത്തെ കണ്ടിരുന്നത്,’ റോഷന്‍ മാത്യു പറഞ്ഞു.