| Wednesday, 11th August 2021, 1:37 pm

ഈ റോളാണ് തനിക്കുള്ളതെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ ഞാന്‍ സ്റ്റക്കായി നിന്നു; അനുഭവം പറഞ്ഞ് റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം കുരുതിയിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് നടന്‍ റോഷന്‍ മാത്യു പൃഥ്വിരാജാണ് കുരുതിയുടെ കഥ തന്നെ വിളിച്ച് പറയുന്നതെന്നും കഥ കേട്ടപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടുവെന്നും റോഷന്‍ മാത്യു പറയുന്നു.

മാത്രമല്ല പൃഥ്വിരാജ് കഥ പറഞ്ഞ് കഴിഞ്ഞ ഉടന്‍ താന്‍ സ്റ്റക്കായി നില്‍ക്കുകയായിരുന്നുവെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.

‘കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഈ കഥാപാത്രമാണ് നീ ചെയ്യേണ്ടതെന്ന് പൃഥ്വി പറഞ്ഞു. അത് കേട്ട് ഒരു രണ്ട് മിനിട്ട് ഞാന്‍ സ്റ്റക്കായി നില്‍ക്കുകയായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല. ആ കഥാപാത്രം എനിക്ക് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പൃഥ്വിക്കും അറിയാമായിരുന്നു ഞാന്‍ ഞെട്ടാന്‍ പോവുകയാണെന്ന്. കഥ പറയുമ്പോള്‍ അടുത്ത് സുപ്രിയയും ഉണ്ടായിരുന്നു. എന്റെ ഞെട്ടല്‍ കണ്ട് പൃഥ്വിയും സുപ്രിയയും ഇരുന്ന് ചിരിക്കുകയായിരുന്നു,’ റോഷന്‍ പറയുന്നു.

കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ചെയ്യാന്‍ തോന്നിയെന്നും എന്നാല്‍ കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുമോയെന്ന പേടിയുണ്ടായിരുന്നെന്നും റോഷന്‍ മാത്യു പറയുന്നുണ്ട്.

‘ഒരു നടനെന്ന നിലയില്‍ എനിക്ക് കുരുതിയുടെ കാസ്റ്റ് കാണുമ്പോള്‍ ഒരു ചെറിയ പേടിയൊക്കെ തോന്നും. കൂട്ടത്തിലെ മോശപ്പെട്ടയാള്‍ ഞാനാകരുത് എന്നുണ്ടായിരുന്നു.

ഇതൊഴിച്ച് ബാക്കിയെല്ലാം എനിക്ക് ഓക്കെയായിരുന്നു. അതുകൊണ്ട് ഒന്ന് ആലോചിച്ച ശേഷം വിളിക്കാമെന്ന് പറഞ്ഞു. ഒരു ദിവസം കഴിഞ്ഞ് ഞാന്‍ പൃഥ്വിരാജിനെ വിളിച്ചു. എനിക്ക് പേടിയുണ്ട്, പക്ഷെ എന്നാലും എനിക്ക് ഈ സിനിമ ചെയ്യണം എന്നു പറഞ്ഞു,’ റോഷന്‍ മാത്യു പറഞ്ഞു.

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. പൃഥ്വിരാജ്, മുരളി ഗോപി, റോഷന്‍ മാത്യു, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Roshan mathew says about Kuruthi movie

We use cookies to give you the best possible experience. Learn more