തൊട്ടപ്പനും, തെക്കന്‍ തല്ല് കേസും തിയേറ്ററുകളില്‍ വലയി രീതിയില്‍ വജയിക്കാതിരുന്നത് വലിയ വിഷമമുണ്ടാക്കിയതായി നടന്‍ റോഷന്‍ മാത്യു. ദേശാഭിമാനി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍. തൊട്ടപ്പനിലെ ഇസ്മു എന്ന കഥാപാത്രം ക്ലാസിക് വില്ലനായിരുന്നു എന്നും തെക്കന്‍ തല്ല് കേസിലെ പൊടിയനും അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു എന്നും അദ്ദേഹം ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ വലിയ വിഷമമുണ്ടാക്കിയ പരാജയങ്ങളാണ് തൊട്ടപ്പനും തെക്കന്‍ തല്ല് കേസും. തൊട്ടപ്പനിലെ ഇസ്മു ഒരു ക്ലാസിക് വില്ലനാണ്. കുത്തിക്കൊല്ലുന്ന, സ്ത്രീകളെ കയറിപ്പിടിക്കുന്ന സിനിമകളിലൊക്കെ കാണുന്ന ഒരു വില്ലന്‍ തന്നെയാണ് ഇസ്മു എന്ന കഥാപാത്രം. പക്ഷെ, ഇസ്മു വിനായകന്റെ കഥാപാത്രമായ തൊട്ടപ്പനെന്ന പെരുംകള്ളനെപോലും പറ്റിക്കുന്ന വലിയ കള്ളനാണ്. അങ്ങനെയൊരു ഇന്നര്‍ ലെയര്‍ ആ കഥാപാത്രത്തിനുണ്ട്. വളരെ കൗതുകമുള്ളൊരു കഥാപാത്രമായിരുന്നു തൊട്ടപ്പനിലെ ഇസ്മു. തെക്കന്‍ തല്ല് കേസിലെ പൊടിയനും അങ്ങനെയുള്ളൊരു കഥാപാത്രമായിരുന്നു.
ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരും വയലന്‍സുണ്ട്. വില്ലന്‍മാര്‍ സമൂഹത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നുള്ളവരല്ല. നമ്മളിലും നമുക്കിടയിലുമെല്ലാം ഉള്ളവരാണ് വില്ലന്‍മാര്‍. അവസാനമായി ചെയ്ത മൂന്ന് ഹൊറിബിള്‍ കാര്യങ്ങളെ കുറിച്ച് ചിന്തിന്തിക്കാന്‍ പണ്ടൊരു ആക്ടിങ് പരിശീലനത്തില്‍ ഞങ്ങളോട് ട്രെയ്‌നര്‍ പറഞ്ഞിരുന്നു. 10 മിനിറ്റ് സമയം ഞങ്ങള്‍ക്ക് തന്നു. അപ്പോഴാണ് നമ്മള്‍ ഹിംസയുടെ ഏത് ലെവലിലാണ് നില്‍ക്കുന്നത് എന്ന് മനസ്സിലായത്,’ റോഷന്‍ മാത്യു പറഞ്ഞു.
ഫ്രാന്‍സിസ് നെറോണയും പി.എസ്. റഫീഖും ചേര്‍ന്നെഴുതി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു തൊട്ടപ്പന്‍. വിനായകനായിരുന്നു റോഷന്‍ മാത്യുവിനൊപ്പം സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ജി.ആര്‍. ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി ശ്രീജിത് എന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു 2022ല്‍ പുറത്തിങ്ങിയ ഒരു തെക്കന്‍ തല്ല് കേസ്. റോഷന്‍മാത്യുവിന് പുറമെ ബിജുമേനോന്‍, പത്പമപ്രിയ, നിമിഷ സജയന്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
content highlights; Roshan Mathew on the failure of Thottappan and thekkan thallu case