പൃഥ്വിരാജ് എന്നാൽ സമയ നിഷ്ഠത, ഡെഡിക്കേഷൻ, പാഷൻ എന്ന വാക്കാണ് ഓർമ വരുന്നതെന്ന് നടൻ റോഷൻ മാത്യു. പൃഥ്വിരാജ് എപ്പോഴും വളരെ ഊർജസ്വലനായിട്ടാണ് കാണപ്പെടുന്നതെന്നും ലൊക്കേഷനിൽ വളരെ നേരത്തെ എത്തുന്ന ആളുമാണെന്നും റോഷൻ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൃഥ്വിരാജ് എന്ന് പറയുമ്പോൾ എന്റെ മനസിലേക്ക് ഓടി വരുന്ന വാക്കുകളാണ് സമയ നിഷ്ഠത, ഡെഡിക്കേഷൻ, പാഷൻ. കൂടെ എന്ന ചിത്രം ചെയ്തതിൽ ഉപരി കുരുതിയുടെ ഷൂട്ടിങ് സെറ്റിൽ നിന്നും എനിക്കത് മനസിലായതാണ്. അദ്ദേഹത്തിന്റെ എനർജി കുറഞ്ഞ് പോകുന്നതോ, ഒരു മിനിറ്റ് അദ്ദേഹം വൈകിവരുന്നതോ, സമയം നഷ്ട്ടപ്പെടുത്തുന്നതോ ഞാൻ കണ്ടിട്ടില്ല.
ഞാൻ ചെയ്തതിൽ നിന്നും അഞ്ചോ പത്തോ ഇരട്ടി സിനിമകൾ ചെയ്ത ആളാണ് അദ്ദേഹം. ഓരോ ഷോട്ടിലും അദ്ദേഹം നൽകുന്ന എനർജി അഭിനന്ദനാർഹവും പ്രചോദനം നൽകുന്നതുമാണ്. സിനിമയോട് എനിക്കും ഇത്ര പാഷൻ വേണമെന്ന് തോന്നിയിട്ടുണ്ട്. ആ എനർജി ഉണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന പല കാര്യങ്ങളുമുണ്ടെന്ന് എനിക്ക് മനസിലായി,’ റോഷൻ പറഞ്ഞു.
അഭിമുഖത്തിൽ നടി ദർശന രാജേന്ദ്രനെക്കുറിച്ചും റോഷൻ സംസാരിച്ചു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ദർശന എന്നും ദർശനയുടെ ക്യാരക്ടർ എല്ലാവർക്കും ഒരു മാതൃകയാണെന്നും റോഷൻ പറഞ്ഞു.
‘ദർശനയുടെ മനക്കരുത്താണ് ഏറ്റവും മികച്ചത്. കാരണം, നമുക്ക് എന്തെങ്കിലും നേടിയെടുക്കണമെന്നുണ്ടെങ്കിൽ നമ്മൾ സ്വയം മാറേണ്ടതില്ലെന്നും സ്വന്തം കരുത്തിൽ വിശ്വസിച്ച് മുന്നോട്ട് പോകണമെന്നുമാണ് ദര്ശനയിൽ നിന്നും മനസിലാക്കാൻ പറ്റിയത്. ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ദർശന,’ റോഷൻ പറഞ്ഞു.
ലിജിൻ ജോസ് സംവിധാനം ചെയ്ത് അരുൺ എം.സി നിർമിക്കുന്ന ചേരയാണ് റോഷന്റെ പുതിയ ചിത്രം. ചിത്രത്തിന് തിരക്കഥയെഴുതുന്നത് നജീം കോയയാണ്. അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമനാണ് സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.
Content Highlights: Roshan Mathew on Prithviraj