പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്യാന്‍ പേടിയുള്ളവര്‍ മലയാളത്തില്‍ കുറവാണെന്ന് നടന്‍ റോഷന്‍ മാത്യു. ഏതെങ്കിലും പക്ഷത്തേക്ക് ചായേണ്ട എന്നതിനാലാവാം അഭിനേതാക്കള്‍ പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ഓണം പ്രത്യേക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി. കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലെ റോഷന്‌റെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയായിട്ടാണ് അദ്ദേഹം പൊളിറ്റിക്കല്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് പറഞ്ഞത്.
‘ആത്യന്തികമായി തനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന ധൈര്യത്താലാണ് തുടക്കകാലത്ത് എല്ലാ തരം സിനിമകളും സ്വീകരിച്ചത്, വിശ്വാസപൂര്‍വം മന്‍സൂറിലെ കഥാപാത്രവും അങ്ങനെ തന്നെയാണ്. ഏതെങ്കിലും പക്ഷത്തേക്ക് ചായേണ്ടതില്ല എന്നതിനാലാവാം പൊളിറ്റിക്കലായ ചില കഥാപാത്രങ്ങളെ ചിലര്‍ സ്വീകരിക്കാത്തത്. പക്ഷെ, മലയാളത്തില്‍ അത്തരം പേടിയുള്ള അധികമാളുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെയും പൊളിറ്റിക്കല്‍ സബ്ജക്ടുകളുണ്ട്,’ റോഷന്‍ പറഞ്ഞു.
വിശ്വാസപൂര്‍വം മന്‍സൂര്‍ ഒട്ടും സട്ടിലായിരുന്നില്ല എന്നും റോഷന്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വളരെ ലൗഡായ ഒരു സിനിമയായിരുന്നു വിശ്വാസപൂര്‍വം മന്‍സൂറെന്നും പ്ലസ്ടുവിന് ശേഷം കുസാറ്റില്‍ ഒരു കോഴ്‌സിന് ചേര്‍ന്ന സമയത്താണ് തനിക്ക് രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെട്ടതെന്നും താരം പറഞ്ഞു. കുസാറ്റില്‍ ചേരുന്നത് വരെ താന്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പുറത്തായിരുന്നെന്നും സ്‌കൂളിന് ശേഷം വലിയൊരു മിക്‌സഡ് കമ്യൂണിറ്റിക്കൊപ്പം ചേര്‍ന്നപ്പോഴാണ് താന്‍ പൊളിറ്റിക്‌സിനെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചതെന്നും റോഷന്‍ പറഞ്ഞു.
‘ചുറ്റുമുള്ള ആളുകളാണ് എല്ലായിപ്പോഴും തന്റെ ലോകം ഡിഫൈന്‍ ചെയ്ത് തന്നത്, വിശ്വാസപൂര്‍വം മന്‍സൂറിലെ മന്‍സൂര്‍ എന്ന കഥാപാത്രം ഒരു ആഗോള പൗരനായിരുന്നു. അയാള്‍ നാട്ടിലെ യഥാര്‍ത്ഥ അവസ്ഥകളെ കുറിച്ച് മനസിലാക്കിയിരുന്നില്ല. രാഷ്ട്രീയം പറയാന്‍ മാത്രമായുള്ള ഒരു സിനിമയായിരുന്നില്ല അത്. അതൊരു പ്രൊപ്പഗാണ്ട സിനിമയുമായിരുന്നില്ല. പി.ടി.കുഞ്ഞുമുഹമ്മദുമായുള്ള കമ്മ്യൂണിക്കേഷനും എനിക്ക് ഗുണം ചെയ്തു,’ റോഷന്‍ പറഞ്ഞു.
CONTENT HIGHLIGHTS; Roshan Mathew on Malayalam actors doing political films