ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് റോഷൻ മാത്യു. പുതിയ നിയമം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ റോഷൻ ഇന്ന് തന്റെ നാച്ചുറൽ ആക്ടിങ്ങിലൂടെ വലിയ കയ്യടി നേടുകയാണ്. സിനിമക്ക് പുറമെ നാടകത്തിലും സജീവമാണ് റോഷൻ.
അഭിനയം എന്നത് പ്രാക്ടീസ് ചെയ്യാൻ പ്രയാസമാണെന്നും റോഷൻ പറയുന്നു. മറ്റൊരു അഭിനേതാവിനൊപ്പമുള്ള ഗിവ് ആൻഡ് ടേക്ക് ആണ് അഭിനയമെന്നും നന്നായി അഭിനയിക്കുന്ന ആളുകളെ കണ്ടാൽ സിമ്പിളായി പെർഫോം ചെയ്യുന്നത് പോലെ തോന്നുമെന്നും റോഷൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഇവരെല്ലാം അതിന് ഉദാഹരണമാണെന്നും റോഷൻ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു റോഷൻ മാത്യു.
‘അഭിനയം പ്രാക്ടീസ് ചെയ്യാൻ വലിയ പ്രയാസമാണല്ലോ. ഇതൊക്കെ എവിടെ പോയി ചെയ്യാനാണ്. നാടകം ചെയ്യുന്ന ആളുകൾ ആണെങ്കിൽ ഓക്കെ. അഭിനേതാവ് ആവാൻ തീരുമാനിച്ചു കഴിഞ്ഞാൽ തൊണ്ണൂറ് ശതമാനം സമയം കളയുന്നത് ഒന്നെങ്കിൽ കണ്ണാടിയുടെ മുന്നിൽ അല്ലെങ്കിൽ ഓഡിഷൻ പരിപാടികൾ ഷൂട്ട് ചെയ്തുകൊണ്ടോ പങ്കെടുത്തുകൊണ്ടോ ആണ്.
പക്ഷെ സത്യത്തിൽ ഇവിടെയൊന്നും നമ്മൾ അഭിനയിക്കുകയല്ല. അഭിനയം എന്ന് പറഞ്ഞാൽ മറ്റൊരു അഭിനേതാവുമായി ഗിവ് ആൻഡ് ടേക്ക് വേണം. അതല്ലാതെയുള്ള സാധനത്തെ സത്യത്തിൽ അഭിനയമായി കൂട്ടാൻ കഴിയില്ല.
രണ്ടാമത്തെ കാര്യം ഏറ്റവും നല്ല അഭിനേതാക്കൾ അഭിനയിക്കുന്നത് കാണുമ്പോൾ വളരെ സിമ്പിളായിട്ട് തോന്നും. ലാലേട്ടൻ പെർഫോം ചെയ്യുന്നു, മമ്മൂക്ക ഭ്രമയുഗം ചെയ്യുന്നു, അതിന് മുന്നെ കാതൽ ചെയ്യുന്നു, ഫഹദ് ആവേശം ചെയ്യുന്നു. ഇതെല്ലാം കാണുമ്പോൾ നമ്മൾ കരുതും എന്തൊരു ഈസിയാണെന്ന്.
പക്ഷെ ചെന്ന് നിന്ന് കഴിയുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് നമുക്ക് മനസിലാവുക. ചെയ്ത് തുടങ്ങുമ്പോഴാണ് തിരിച്ചറിയുക. അപ്പോൾ ഇത് പ്രാക്ടീസ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം,’ റോഷൻ പറയുന്നു.
Content Highlight: Roshan Mathew About Mammootty and Mohanlal