| Tuesday, 25th January 2022, 5:06 pm

ഇല്ലാത്ത ആത്മവിശ്വാസം ഉണ്ടെന്ന് കാണിക്കേണ്ടി വരും, കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ട്: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് റോഷന്‍ മാത്യു. നാടകത്തില്‍ സജീവമായിരുന്ന റോഷന്‍ 2015 ല്‍ പുറത്തിറങ്ങിയ ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്കെത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ ചെറിയ റോളായിരുന്നുവെങ്കിലും 2016 ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമത്തി’ലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടു.

2016 ല്‍ തന്നെ പുറത്തിറങ്ങിയ ആനന്ദത്തിലൂടെ റോഷന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തുടര്‍ന്ന് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കൂടെ’ ‘മൂത്തോന്‍’ ‘തൊട്ടപ്പന്‍’ ‘ആണും പെണ്ണും’ ‘കുരുതി’ മുതലായ ചിത്രങ്ങള്‍ റോഷനിലെ അഭിനേതാവിനെ കൂടുതല്‍ ഉപയോഗിച്ചതായിരുന്നു.

നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് റോഷന്‍ ഇന്ന് കാണുന്ന നിലയിലെത്തി ചേര്‍ന്നത്. താന്‍ ഐഡന്റിറ്റി ക്രൈസിസ് നേരിട്ടിട്ടുണ്ടെന്നും നിലനില്‍പ്പിനായി കള്ളങ്ങള്‍ പറയേണ്ടി വന്നിട്ടുണ്ടെന്നും റോഷന്‍ പറയുന്നു. വണ്ടര്‍വാള്‍ മീഡിയയിലെ ഗായിക സിത്താര കൃഷ്ണകുമാര്‍ അവതാരികയായ പരിപാടിയിലായിരുന്നു റോഷന്റെ പ്രതികരണം.

‘എന്നെ ഇന്ന കാണുന്നത് പോലെയാക്കിയത് ആക്ടിങ്ങ് വര്‍ഷോപ്പുകളാണ്. ഐഡന്റിറ്റി ക്രൈസിസിലൂടെ പോയ്‌ക്കൊണ്ടിരുന്ന ആളാണ് ഞാന്‍. ഇത് ഐഡന്റിറ്റി ക്രൈസിസ് ആണെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഉണ്ടായിരുന്നില്ല. നാടകം ചെയ്യുന്നതിന് മുന്‍പ് ഞാനെന്ന് പറയുന്ന ഒരാളേ ഇല്ല,’ റോഷന്‍ പറഞ്ഞു.

‘ചെന്നൈയിലെ ആദ്യത്തെ രണ്ട് മൂന്ന് കൊല്ലം കള്ളങ്ങളായിരുന്നു അടിസ്ഥാനം എന്ന് പറയുന്നത്. ശരിക്കും ഞാന്‍ ആരാണ് എന്നുള്ളത് ഹൈഡ് ചെയ്തുകൊണ്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ തന്നെയായിരുന്നു അത്. ചിലപ്പോള്‍ ഇല്ലാത്ത ആത്മവിശ്വാസം കാണിക്കേണ്ടി വരും. എനിക്കിത് വേണം, വിട്ടുകൊടുക്കാനാവില്ല, അതിനുവേണ്ടി ഞാന്‍ വേണമെങ്കില്‍ ഞാന്‍ നാല് കള്ളങ്ങള്‍ പറയും.

എന്റെ ഇംഗ്ലീഷില്‍ മലയാളം ആക്‌സന്റ് ഉണ്ടെന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ഞാന്‍ മലയാളിയേ അല്ല എന്ന് പറയും. ഞാന്‍ ബോംബേയിലാണ് വളര്‍ന്നത് എന്ന് പറയും. ഞാന്‍ പറഞ്ഞിട്ടുള്ള കള്ളമാണ് അത്,’ റോഷന്‍ കൂട്ടിച്ചേര്‍ത്തു.

അന്ന ബെന്നിനൊപ്പം ‘നൈറ്റ് ഡ്രൈവ്’ ആസിഫ് അലി നായകനാകുന്ന ‘കൊത്ത്’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള റോഷന്‍ മാത്യുവിന്റെ ചിത്രങ്ങള്‍.


Content Highlight: roshan mathew about his struggles while starting his career

Latest Stories

We use cookies to give you the best possible experience. Learn more