|

സ്വപ്‌നം കണ്ടത് എന്തോ നേടി എന്ന ചിന്തയൊന്നുമല്ല, ബമ്പറടിച്ചതിന്റെ ഒരു മൂഡാണ്: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് റോഷന്‍ മാത്യു. ശേഷം 2016ല്‍ ഗണേഷ് രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലെ റോക്ക്‌സ്റ്റാര്‍ ഗൗതം എന്ന കഥാപാത്രത്തിലൂടെ മലയാളി മനസില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനും റോഷനായി. മൂത്തോന്‍ അടക്കമുള്ള മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍ താന്‍ സിനിമയിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് റോഷന്‍. എന്നെങ്കിലും സിനിമയില്‍ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നെങ്കിലും താന്‍ സിനിമ സ്വപ്‌നം കണ്ടുനടന്ന ആളായിരുന്നില്ല എന്നാണ് റോഷന്‍ പറയുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അങ്ങനെ സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരാളായിരുന്നില്ല. എന്നെങ്കിലും സിനിമയില്‍ വരണമെന്നോ ഇത്തരം സിനിമകള്‍ ചെയ്യണമെന്നോ ഈ പറയുന്ന ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ എനിക്കിത് നേടണം, അതിന് വേണ്ടി വര്‍ക്ക് ചെയ്യണം എന്നൊക്കെ സ്വപ്‌നം കണ്ടിരുന്നില്ല.

എം.സി.സിയിലായിരിക്കുന്ന സമയത്ത് ഞാന്‍ വിചാരിച്ചിരുന്നത് സിനിമയൊക്കെ ഡിസ്റ്റന്റ് റിയാലിറ്റിയാണ്, അതിന്റെ പിന്നാലെ പോയാല്‍ ആ ഒഴുക്കില്‍പ്പെട്ട് അങ്ങനെയങ്ങ് പോകും. നാടകമൊക്കെ ചെയ്ത് കണ്ടിന്യൂ ചെയ്യാം എന്ന കരുതിയ എന്റെ ലൈഫിലേക്ക് കുറേയൊക്കെ അപ്രതീക്ഷിതമായും ഭാഗ്യം കൊണ്ടുമൊക്കെ വന്നതാണ് സിനിമ.

കുറച്ച് സമയം കൊണ്ടുതന്നെ ഭയങ്കര ബഹുമാനമുള്ള ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അതൊക്കെ വളരെ വലിയ ഭാഗ്യമായി കാണുന്നു. അല്ലാതെ ഞാന്‍ സ്വപ്‌നം കണ്ട എന്തോ ഒന്ന് അച്ചീവ് ചെയ്തു എന്നുള്ള മൂഡിലല്ല നില്‍ക്കുന്നത്. ഈ ബമ്പര്‍ അടിച്ചല്ലോ എന്ന മൂഡിലാണ് (ചിരി).

എല്ലാം ഹാപ്പി ടൈംസ് ഒന്നുമല്ല. ഓരോ പ്രൊജക്ടുകളുടെയും കയറ്റവും ഇറക്കവും എല്ലാം ഉണ്ടാകും. അതെല്ലാം സ്വാഭാവികമായി നമ്മളെയും ബാധിക്കും. ഓവര്‍ ഓള്‍ കുറേ സൂം ഔട്ട് ചെയ്ത് നോക്കുമ്പോള്‍ കൊള്ളാം, ഇങ്ങനെ ആകുമെന്നൊന്നും വിചാരിച്ചിരുന്നില്ല എന്ന് തോന്നും,’ റോഷന്‍ പറഞ്ഞു.

Content highlight: Roshan Mathew about his cinema life