മൂത്തോന്‍ എന്ന സിനിമയില്‍ ലിംഗഭേദങ്ങള്‍ മറന്നുകൊണ്ടുള്ള പ്രണയത്തിന്റെ ആവിഷ്‌കാരത്തിലേക്ക് ഒരു നടനെന്ന നിലയിലുള്ള തന്റെ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ റോഷന്‍. ദേശാഭിമാനിയുടെ ഓണം വിശേഷാല്‍പ്രതിയിലെ അഭിമുഖത്തിലാണ് തന്റെ സിനിമ ജീവിതത്തെ കുറിച്ച് താരം മനസുതുറന്നത്.
മനുഷ്യനെ കുറിച്ചുള്ള അറിവാണ് സിനിമ തനിക്ക് തന്നതെന്നും അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.
‘നമ്മുടെ സമൂഹത്തില്‍ അത്തരം ആളുകളുമുണ്ട്. അവരെയൊന്നും ഒരു പൊതുസമൂഹം കാണുന്നില്ല എന്നുമാത്രം. എനിക്കും സത്യത്തില്‍ ഓരോ പ്രൊജെക്ടും, അല്ലെങ്കില്‍ ഓരോ കഥാപാത്രങ്ങളും മനുഷ്യരെ കൂടുതല്‍ അറിയാനുള്ള സ്‌കൂളുകള്‍ തന്നെയാണ്.
ഞാന്‍ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷെ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ഒരു മനുഷ്യന്‍ തന്നെയാവാം. ആ മനുഷ്യനെ മനസിലാക്കിയാല്‍ മാത്രമേ എനിക്ക് കഥാപാത്രത്തെ മനസ്സിലാക്കാന്‍ സാധിക്കു.
അഭിനയം എന്നത് എനിക്കെന്തു തിരിച്ചു തന്നു എന്നു ചോദിച്ചാല്‍ ഞാന്‍ പറയുക, മനുഷ്യനെകുറിച്ചുള്ള തിരിച്ചറിവാണ് എന്നാണ്. മൂത്തോനിലും എനിക്ക് ഈ തിരിച്ചറിവ് സംഭവിക്കുന്നുണ്ട്. എന്റെ ഫ്രണ്ട് സര്‍ക്കിളില്‍ LGBTQവില്‍ ഉള്ളവര്‍ ഉണ്ട്. ഞാന്‍ ഹോമോസെക്ഷ്വല്‍ കണ്ടെന്റുള്ള പുറത്തു നിന്നുള്ള സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവബോധം കുറവായിരുന്നു.
നമ്മളില്‍ നിന്ന് അവര്‍ എത്ര വ്യത്യസ്തരായിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു. പക്ഷെ ആ സിനിമയ്‌ക്കൊടുവില്‍ നമ്മളില്‍ നിന്ന് ഒട്ടും വ്യത്യസ്തരല്ല അവര്‍ എന്നും നമ്മള്‍ തന്നെയാണവര്‍ എന്നും എനിക്ക് മനസിലായി.
ഗീതു മോഹന്‍ദാസ് എന്നോട് പറഞ്ഞത് ഇതൊരു പ്രണയ കഥയാണ് എന്നാണ്. ഒരു ഗേ ലവ് സ്റ്റോറി എന്നല്ല അവര്‍ പറഞ്ഞത്. അമീര്‍ അക്ബറിനെ കാണുന്ന കുത്തുറാത്തീബ് രംഗത്തില്‍ അമീര്‍, അക്ബറിന്റെ പെര്‍ഫോമെന്‍സാണ് നോക്കുന്നത്. പിന്നീടത് പ്രണയമായി മാറുന്നു. അത് ഷൂട്ട് ചെയ്യുമ്പോള്‍ ഒരു ലവ് സ്റ്റോറി ചെയ്യുന്നത് പോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ.
എന്നോട് ഗീതു, വോങ് കര്‍ വായ്‌യുടെ ഹാപ്പി ടുഗെദര്‍ റെഫര്‍ ചെയ്തിരുന്നു. അപ്പോള്‍ ഞാന്‍ ഒരു നോട്ടുബുക്കുമായി ഇരുന്നു, ഇന്നതെല്ലാമായിരിക്കും ചെയ്യുക എന്ന മുന്‍ധാരണയില്‍ കഥാപാത്രങ്ങളുടെ രീതികളെ കുറിച്ചെടുക്കാന്‍. പക്ഷെ സിനിമ കഴിഞ്ഞപ്പോള്‍ നോട്ട്ബുക്കില്‍ ഒന്നുമില്ല. ഇന്നും ആ സിനിമയുടെ ആ പോസ്റ്റര്‍ എന്റെ റൂമില്‍ ഞാന്‍ സൂക്ഷിട്ടുണ്ട്,’ താരം പറഞ്ഞു.
Content highlight: Roshan Mathew about Geetu Mohandas and Moothon movie