കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.
നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. നാടകം എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചത് എന്നതിനെ കുറിച്ച് താരം എപ്പോഴും വാചാലനാകാറുണ്ട്.
ഇന്ന് കാണുന്ന തന്നെ വാര്‍ത്തെടുത്തതില്‍ തിയേറ്ററിലുള്ള പങ്കിനെ കുറിച്ച് സംസാരിക്കുകയാണ് റോഷന്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അപകര്‍ഷതാബോധങ്ങളെ മാറ്റിയ തിയേറ്ററിനെ കുറിച്ച് റോഷന്‍ സംസാരിക്കുന്നത്.
‘ഞാന്‍ അത്ര കൂളായ ആളല്ല എന്നായിരുന്നു വിചാരം. ഒരു തരം അപകര്‍ഷതാബോധമായിരുന്നു. കുറച്ചൊക്കെ ഇപ്പോഴുമുണ്ട്. ചെന്നൈയില്‍ പഠിക്കുന്ന സമയത്തും അങ്ങനെയായിരുന്നു.
പിന്നീട് ഡ്രാമ സ്‌കൂള്‍ ഓഫ് മുംബൈയിലേക്ക് പോയപ്പോള്‍ ഞാന്‍ എത്തിച്ചേര്‍ന്ന സര്‍ക്കിള്‍ എന്നെ കൂടുതല്‍ അപകര്‍ഷതാബോധത്തിലാക്കി. കാരണം അവിടെയുള്ളവരെല്ലാം നാടകത്തില്‍ വളരെ സീരിയസായ വര്‍ക്ക് ചെയ്തവരായിരുന്നു. ഗംഭീരമായ നാടകങ്ങള്‍ അവര്‍ ചെയ്തിരുന്നു. അത് എന്നെ ഒരുതരത്തില്‍ അസ്വസ്ഥനാക്കിയിരുന്നു. ഞാന്‍ അത്രയും ചെയ്തിട്ടില്ലല്ലോ എന്ന തോന്നലായിരുന്നു.
ചെന്നൈയിലായിരുന്നപ്പോള്‍ സുഹൃത്തക്കളോട് സംസാരിച്ചിരിക്കുന്ന സമയത്ത് അവരോട് പറയാന്‍ മാത്രമുള്ള സംഭവങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ഞാന്‍ എന്റെ കുട്ടിക്കാലത്തെ കുറിച്ച് ചില നുണക്കഥകള്‍ പറയാന്‍ തുടങ്ങി. ഒരു കിടിലന്‍ കുട്ടിക്കാലം എനിക്കുണ്ടായിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അത്.
പക്ഷെ അങ്ങനെ നുണ പറയുമ്പോള്‍ നമുക്ക് അതില്‍ തന്നെ പിടിച്ച് പിന്നെയും പിന്നെയും നുണകള്‍ പറയേണ്ടി വരും. മുംബൈയിലെത്തിയപ്പോള്‍ ഇത് കുറഞ്ഞെങ്കിലും ഞാന്‍ തുടര്‍ന്നിരുന്നു. പിന്നീട് ആ സ്വഭാവം മാറി. അത് പെട്ടെന്ന് സംഭവിച്ചതല്ലെങ്കിലും ഒരു കാര്യം ആ മാറ്റത്തിലെ പ്രധാന കാരണമാണെന്ന് പറയാം.
ഒരു ദിവസം ഞങ്ങള്‍ നാടകത്തിലെ ഒരു എക്‌സൈസ് ചെയ്യുകയായിരുന്നു. പക്ഷെ എന്നെ കൊണ്ട് വൃത്തിയായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവസാനം ഞാന്‍ കുട്ടിക്കാലത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവം അവതരിപ്പിച്ചു.
എനിക്ക് വളരെ പേഴ്‌സണലായ ആ സംഭവത്തെ അത് എങ്ങനെയാണോ നടന്നത് അതുപോലെ തന്നെ അവതരിപ്പിച്ചു. കണ്ടവര്‍ക്കെല്ലാം അത് ഒരുപാട് ഇഷ്ടമായി. ഇത് വളരെ കൂളായിട്ടുണ്ടെന്നും വ്യത്യസ്മാണെന്നും യൂണീക്കാണെന്നുമെല്ലാം അവര്‍ പറയാന്‍ തുടങ്ങി.
ഇത്രനാളും ഞാന്‍ മോശമാണെന്ന് കരുതി ഒളിച്ചുവെച്ചിരുന്നതാണോ ശരിക്കും ഇന്‍ട്രസ്റ്റിങ്ങായ കാര്യങ്ങളെന്ന ഒരു തിരിച്ചറിവ് അപ്പോഴാണ് എന്നിലുണ്ടാകുന്നത്. അങ്ങനെ ഞാന്‍ പതിയെ പതിയെ എന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് തന്നെ സംസാരിക്കാന്‍ തുടങ്ങി.
അപ്പോള്‍ ആളുകള്‍ എന്നെ കൂടുതല്‍ മനസിലാക്കാനും സ്വീകരിക്കാനും തുടങ്ങി. എനിക്കും അത് വലിയൊരു ആശ്വാസമായിരുന്നു. വെറുതെ നുണക്കൊട്ടാരം പണിയേണ്ട കാര്യമില്ലല്ലോ. മാത്രമല്ല, എന്റെ കുട്ടിക്കാലം അത്ര മോശമൊന്നുമല്ലെന്നും കൂളാണെന്നും എനിക്കും ബോധ്യം വന്നു,’ റോഷന്‍ മാത്യു പറയുന്നു.
Content Highlight: Roshan Mathew about drama school and how it helped him in life