| Monday, 1st July 2024, 6:13 pm

ദര്‍ശനയുടെ ആ സിനിമക്ക് ഒരു തിയേറ്റര്‍ മുഴുവന്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടി കപ്യാരേ കൂട്ടമണിയിലെ ചെറിയ വേഷത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന നടനാണ് റോഷന്‍ മാത്യു. പിന്നീട് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലെ വേഷം താരത്തെ ശ്രദ്ധേയനാക്കി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് തുടങ്ങിയ സിനിമകളുടെ ഭാഗമാകാന്‍ ചുരുങ്ങിയ കാലം കൊണ്ട് റോഷന് സാധിച്ചു.

സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം തീര്‍ച്ചയായും ലഭിക്കുമെന്ന് തന്റെയും ബാക്കിയുള്ളവരുടെയും അനുഭവത്തിലൂടെ മനസിലായിട്ടുണ്ടെന്ന് റോഷന്‍ പറഞ്ഞു. തന്റെ ഏറ്റവുമടുത്ത സുഹൃത്തായ ദര്‍ശനയുടെ കരിയറിലുണ്ടായി വളര്‍ച്ചയെ സൂചിപ്പിച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്. ചെന്നൈയിലെ ആക്ടിങ് ക്യാമ്പില്‍ വെച്ച് കണ്ടപ്പോള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ് ദര്‍ശനയെന്ന് അപ്പോഴേ മനസിലായിരുന്നെന്നും റോഷന്‍ പറഞ്ഞു.

തന്നോടൊപ്പം സിനിമയിലെത്തി പിന്നീട് തന്റെ നല്ലൊരു സുഹൃത്തായി മാറിയ ആളാണ് ദര്‍ശനയെന്നും അവര്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നത് നേരിട്ട് കണ്ടുവെന്നും റോഷന്‍ പറഞ്ഞു. ജയ ജയ ജയ ജയഹേ എന്ന സിനിമയിലെ ദര്‍ശനയുടെ ഫൈറ്റിന് തിയേറ്റര്‍ മുഴുവന്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പാരഡൈസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധന്യാ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സിനിമക്ക് വേണ്ടി നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ അതിനുള്ള റിസള്‍ട്ട് ഉറപ്പായിട്ടും കിട്ടുമെന്ന് എന്റെയും എനിക്ക് പരിചയമുള്ളവരുടെയും അനുഭവത്തിലൂടെ മനസിലായ കാര്യമാണ്. ഏറ്റവും വലിയ ഉദാഹരണമാണ് ദര്‍ശന. ചെന്നൈയിലെ ഒരു ആക്ടിങ് ക്യാമ്പില്‍ നിന്ന് പരിചയപ്പെട്ടപ്പോള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് മനസിലായി.

പിന്നീട് സിനിമയില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാന്‍ ദര്‍ശന ശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്റെ റിസല്‍ട്ടാണ് ജയ ജയ ജയ ജയഹേ സിനിമക്ക് കിട്ടിയ സ്വീകരണം. ആ സിനിമക്ക് ഒരു തിയേറ്റര്‍ മുഴുവന്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ അത്ഭുതവും അഭിമാനവും ഒരുപോലെ തോന്നി ,’ റോഷന്‍ പറഞ്ഞു.

Content Highlight: Roshan Mathew about Darshana Rajendran and theatre experience of Jaya Jaya Jaya Jaya he movie

We use cookies to give you the best possible experience. Learn more