| Tuesday, 16th July 2019, 8:35 am

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്‌ളൂരു: കോണ്‍ഗ്രസ് വിമത എം.എല്‍.എ റോഷന്‍ ബെയിഗിനെ തട്ടിപ്പുകേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് മുന്‍പാണ് ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത്.

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രത്യേക അന്വേഷണ സംഘം ബെയിഗിനെ കസ്റ്റഡിയിലെടുത്തതായി ട്വിറ്ററിലൂടെ അറിയിച്ചത്. ആ സമയത്ത് ബി.ജെ.പി എം.എല്‍.എ ബെയിഗിന്റെ കൂടെ ഉണ്ടായിരുന്നെന്നും അത് സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ്- ജെഡി.എസ് സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അവരുടെ ശ്രമത്തെയാണെന്നും കുമാരസ്വാമി പറഞ്ഞു.

‘ഇന്ന് റോഷന്‍ ബെയ്ഗിനെ ബിയാല്‍ വിമാനത്താവളത്തില്‍ നിന്നും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. ആ സമയത്ത് ബി.എസ് യെദ്യൂരപ്പയുടെ പേഴ്‌സണല്‍ സ്റ്റാഫ് സന്തോഷ് ഒപ്പമുണ്ടായിരുന്നു, അവര്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ടപ്പോള്‍ സന്തോഷ് കടന്നു കളഞ്ഞു’ കുമാരസ്വാമി ട്വീറ്റ് ചെയ്യുന്നു. ബി.ജെ.പി എം.എല്‍.എ യോഗേശ്വറും ആ സമയത്ത് അവിടെ ഉണ്ടായിരുന്നെന്നും കുമാരസ്വാമി ട്വീറ്റില്‍ പറയുന്നു.

ഐ.എം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘമാണ് ബെയ്ഗിനെ രാത്രി 11ഓടെ പിടികൂടിയത്. നിക്ഷേപ തട്ടിപ്പു കേസില്‍ ആരോപണം നേരിടുന്ന ബെയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹാജരാവാതിരുന്ന റോഷന്‍ ബെയ്ഗ് മുംബൈയിലേക്ക് പോവുകയായിരുന്നു.

തട്ടിപ്പു നടത്തിയ കേസില്‍ ഐ.എം.എ ഉടമ മന്‍സൂര്‍ഖാന്‍ ഒളിവിലാണ്. 400 കോടി രൂപ ബെയ്ഗ് തട്ടിയെടുത്തതായി ഒളിവില്‍പോകുന്നതിനു മുമ്പ് മന്‍സൂര്‍ഖാന്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more