| Tuesday, 21st May 2019, 2:04 pm

മുസ്‌ലിംങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നതിന്റെ സൂചനകള്‍ നല്‍കി കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗ്.

എന്‍.ഡി.എ അധികാരത്തിലെത്തുകയാണെങ്കില്‍ സാഹചര്യവുമായി ഒത്തുപോവാന്‍ മുസ്‌ലിം സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് റോഷന്‍ ബെയ്ഗ് പറഞ്ഞു. ആവശ്യമായി വന്നാല്‍ മുസ്‌ലിംങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ക്കണമെന്നും ഒരു പാര്‍ട്ടിയോട് മാത്രം കൂറുകാണിക്കേണ്ട കാര്യമില്ലെന്നും റോഷന്‍ ബെയ്ഗ് പറഞ്ഞു. കര്‍ണാടകയില്‍ മുസ്‌ലിംങ്ങള്‍ക്ക് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയതെന്നും റോഷന്‍ പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഗുണ്ടു റാവുവിനുമെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് റോഷന്‍ ബെയ്ഗിന്റെ വിമര്‍ശനം.

കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്‌ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.

സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

” ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലീം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇനിയും അപമാനിതനായി പാര്‍ട്ടിയില്‍ തുടരാനാവില്ല”- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ണാടകത്തില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ് പോള്‍. യു.പി.എ 3 മുതല്‍ 6 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും മറ്റുള്ളവര്‍ 1 വരെ സീറ്റുകളാണ് നേടുകയെന്നും സര്‍വേ പ്രവചിച്ചിരുന്നു.

ആകെ ലോകസഭാ 28 സീറ്റുകളാണ് കര്‍ണാടകത്തിലുള്ളത്. കോണ്‍ഗ്രസ്സിന് കാര്യമായൊന്നും ഇത്തവണ ചെയ്യാനാകില്ലെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more