ജോജു ജോര്‍ജിന് പകരം റോഷന് ആന്‍ഡ്രൂസ്?; മഞ്ജു വാര്യര്‍ ചിത്രത്തില്‍ സംവിധായകന് അഭിനയിച്ചേക്കും
മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് നടന് ജോജു ജോര്‍ജ്. ജോഷി സംവിധാനം ചെയ്ത് ജോജു മുഖ്യവേഷത്തിലെത്തിയ പൊറിഞ്ചു മറിയം ജോസ് തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടി കുതിക്കുമ്പോള്‍ മറ്റൊരു ചിത്രമായ ചോല വെനീസ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് ജോജു ജോര്‍ജ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജോജു ജോര്‍ജ് റോഷന് ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയില്‍ നിന്ന് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഫലത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജോജുവിന്റെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജോജു ജോര്‍ജിന് പകരം സംവിധായകനായ റോഷന് ആന്‍ഡ്രൂസ് തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചേക്കും. സംവിധായകനോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഉണ്ണി ആറിന്റെ ലഘുനോവല്‍ ‘പ്രതി പൂവന്‍കോഴി’യാണ് സിനിമയാവുന്നത്. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ലഘുനോവലിന്റെ അതേപേരിലാണ് സിനിമയും എത്തുക. ഉണ്ണിയുടേത് തന്നെയാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.
സമകാലിക ഇന്ത്യന്‍ ദേശീയതയുടെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് പ്രതി പൂവന്‍കോഴി. ജി ബാലമുരുകനാണ് ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീത സംവിധാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ