ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സംവിധായകന് റോഷന് ആന്‍ഡ്രൂസ്. സാറ്റര്‍ഡേ നൈറ്റിന് ശേഷമുള്ള തന്റെ പുതിയ ചിത്രം ബോളിവുഡിലായിരിക്കുമെന്ന സൂചനയാണ് റോഷന് നല്‍കുന്നത്. ഷാഹിദ് കപൂറിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്. ബോബി-സഞ്ജയ് ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.
ബ്രഹ്മാസ്ത്രയുടെ സഹ സംഭാഷണ എഴുത്തുകാരനായ ഹുസൈന് ദലാലാണ് റോഷന് ആന്‍ഡ്രൂസ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കുന്നത്. പുതിയ ചിത്രത്തിലൂടെ താന്‍ എത്രയും വേഗം തിരിച്ചുവരുമെന്നും റോഷന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
‘ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ മുന്നിരതാരങ്ങളിലൊരാളായ ഷാഹിദ് കപൂറിനെ നായകനാക്കി എന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ബോബി-സഞ്ജ് ആണ് തിരക്കഥ ഒരുക്കുന്നത്. ഹുസൈന് ദലാല്‍ സംഭാഷണങ്ങള്‍ ഒരുക്കും. ഇന്ത്യന്‍ ഫിലിം ഇന്ഡസ്ട്രിയിലെ മുന്‍നിര നിര്‍മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ ആര്.കെ.എഫിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് തുടങ്ങും.
കഴിഞ്ഞ 17 വര്‍ഷമായി പല സിനിമകള്‍ നിര്‍മിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ പ്രേക്ഷകര്‍ക്കായി പല ഴോണറുകള്‍ പരീക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പല തരത്തില്‍ സിനിമ നിര്‍മിച്ച് എന്നെത്തനെ അപ്ഡേറ്റ് ചെയ്തു, അപ്ഗ്രേഡ് ചെയ്തു. ഹിറ്റും ആവറേജും പരാജയങ്ങളുമുണ്ടായി. എന്നാല്‍ പല സിനിമകള്‍ നിര്‍മിക്കുന്നതില്‍ നിന്നും ഒരിക്കലും പിന്മാറിയില്ല. എന്നെ സ്വീകരിച്ചതിനും പിന്തുണച്ചതിനും നന്ദി. ഞാന്‍ തിരിച്ചു വരും,’ റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
പുതിയ ചിത്രത്തെ പറ്റി സൂചന നല്കുന്ന പോസ്റ്റ് ഇന്ന് രാവിലെയും റോഷന് പങ്കുവെച്ചിരുന്നു. വിജയങ്ങളും പരാജയങ്ങളും ഗെയിമിന്റെ ഭാഗമാണെന്നും വിജയങ്ങളെ ആഘോഷിക്കുന്നത് പോലെ പരാജയങ്ങളെയും സ്വീകരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.
പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന് വ്യാപകമായി നെഗറ്റീവ് റിവ്യൂസും വിമര്‍ശനവും ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റോഷന് ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നത്. നിവിന്‍ പോളി നായകനായ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്.