ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന് മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
പിന്നീട് നോട്ട് ബുക്ക്, മുംബൈ പോലീസ് തുടങ്ങിയ വ്യത്യസ്ത സിനിമകൾ റോഷൻ മലയാളത്തിന് സമ്മാനിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പായ 36 വയതിനിയിലൂടെ തമിഴിലും തിളങ്ങിയ റോഷൻ താൻ ആദ്യമായി സിനിമ ചെയ്യുമ്പോഴുള്ള അനുഭവം പറയുകയാണ്.
ആദ്യമായി സിനിമ ചെയ്യുന്ന ഏതൊരു പുതുമുഖ സംവിധായകനും ഉള്ളിൽ ഒരു ഫയർ ഉണ്ടാവുമെന്നും അങ്ങനെയാണ് ആദ്യ സിനിമയിൽ തന്നെ അത്രയും താരങ്ങളെ വെച്ച് തനിക്ക് ചെയ്യാൻ കഴിഞ്ഞതെന്നും റോഷൻ പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു റോഷൻ.
‘പുതുമുഖസംവിധായകരായി വരുന്ന എല്ലാവരുടെയും ഉള്ളിലും കുറേകാലം നടന്ന് കഴിയുമ്പോൾ അവരാദ്യമായി ചെയ്യുന്ന സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ടാവും. ആദ്യ സിനിമയെന്ന് പറയുന്ന ഒരു ഫയർ ഉണ്ടല്ലോ. അത് എന്നും ഉണ്ടാവും. എനിക്ക് മാത്രമല്ല എല്ലാവരിലുമുണ്ടത്.
എന്റെ ക്യാമറമാൻ എസ്. കുമാർ ആയിരുന്നു. രാജീവ് ആയിരുന്നു എന്റെ ആർട്ട് ഡയറക്ടർ. മ്യൂസിക് ദീപക് ദേവ്. ഒരുപാട് അഭിനേതാക്കൾ ഉണ്ടല്ലോ. കൊച്ചിൻ ഹനീഫ, മീന എത്രയോ പേർ. എന്നെ സംബന്ധിച്ച് അതിന് മുമ്പ് ലാലേട്ടനൊപ്പം ഞാൻ രണ്ട് സിനിമകളിൽ സഹ സംവിധായകനായി വർക്ക് ചെയ്തിട്ടുണ്ട്. അയാൾ കഥയെഴുതുകയാണ്, നരസിംഹം. ഇത് രണ്ടുമാണ് ആ ചിത്രങ്ങൾ,’ റോഷൻ ആൻഡ്രൂസ് പറഞ്ഞു.
തനിക്ക് എല്ലാം നൽകിയത് ഉദയനാണ് താരമാണെന്നും ഇന്നും ആളുകൾ ആ ചിത്രത്തെ കുറിച്ച് പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും റോഷൻ പറഞ്ഞു.
‘ഉദയനാണ് താരം എന്ന സിനിമയാണ് ഒരുപക്ഷെ എനിക്ക് എല്ലാം നൽകിയത്. എന്റെ വീട്ടിലേക്ക് വരുമ്പോൾ ആദ്യം കാണുന്ന മുറിയിൽ വെച്ചിരിക്കുന്ന ഫോട്ടോ ശ്രീനിയേട്ടന്റെതാണ്. ഞാൻ അദ്ദേഹവുമായി ചിരിച്ചതിന്റെ കുറച്ച് ശതമാനം മാത്രമേ ഉദയനാണ് താരത്തിൽ വന്നിട്ടുള്ളൂ.
അതൊരു പക്ഷെ ജീവിതത്തിൽ വലിയൊരു കാര്യമാണ്. ശ്രീനിയേട്ടന്റെ പേരില്ലാതെ എനിക്ക് സംസാരിക്കാൻ കഴിയില്ല. 19 വർഷം കഴിഞ്ഞിട്ടും ആളുകൾ അതിലെ ചില കോമഡികൾ പറയുമ്പോൾ അല്ലെങ്കിൽ ചില ട്രോളുകളിൽ കാണുമ്പോൾ, അല്ലെങ്കിൽ ചില പത്ര വാർത്തകൾ വരുമ്പോൾ, നവരസത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നമുക്ക് തോന്നുന്നത് അത് ഇത്രയും ക്ലാസിക്കായി നിലനിൽക്കുന്നുണ്ടെന്നാണ്.
അത്രയും പണിയെടുത്തതിന് ഗുണമുണ്ടായി എന്ന് തോന്നുന്നു,’ റോഷൻ ആൻഡ്രൂസ് പറയുന്നു.
Content Highlight: Roshan Andrews Talk About Sreenivasan