ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മികച്ച തുടക്കം ലഭിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. മോഹൻലാൽ, ശ്രീനിവാസൻ, മീന തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടിയിരുന്നു. എന്നാൽ ഓരോ സിനിമകളും വ്യത്യസ്തമായി ചെയ്യുന്ന സംവിധായകനാണ് റോഷൻ.
നോട്ട്ബുക്, മുംബൈ പോലീസ്, സ്കൂൾ ബസ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പായ 36 വയതിനിയിലൂടെ തമിഴിലും തിളങ്ങിയ റോഷൻ നിലവിൽ ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡ് ചിത്രം ഒരുക്കുന്ന തിരക്കിലാണ്.
സിനുമായാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നതെന്നും അങ്ങനെയാണ് ഈ മേഖല തെരഞ്ഞെടുത്തതെന്നും റോഷൻ പറയുന്നു. ചെറുപ്പത്തിൽ തന്നെ പലരും സിനിമ ഭ്രാന്തൻ എന്ന് വിളിച്ചിരുന്നുവെന്നും റോഷൻ പറഞ്ഞു റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് ഏറ്റവും സന്തോഷം നൽകുന്നത് എന്താണോ അതാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഇത്ര ശമ്പളം കിട്ടുമെന്നതിനപ്പുറം നമുക്കെന്താണോ സന്തോഷം നൽകുന്നത് അത് കണ്ടെത്തുക. കുറേകാലം സിനിമാ ഭ്രാന്തൻ എന്ന പേരൊക്കെ എനിക്ക് ഉണ്ടായിരുന്നു.
എനിക്കിപ്പോഴും ഓർമയുണ്ട് ഒരു വർഷം സത്യൻ സാറിന്റെ( സത്യൻ അന്തിക്കാട്) മൂന്ന് സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടായിരുന്നു. തലയണമന്ത്രവും പിന്നെ മറ്റ് രണ്ട് പടങ്ങൾ കൂടി.
ആ സിനിമകളെ കുറിച്ച് എഴുതിയ ആ വർഷത്തെ ഒരു മനോരമ പത്രത്തിന്റെ സൺഡേ സപ്ലിമെന്ററി എടുത്തിട്ട് ഞാൻ വലിയൊരു പറമ്പിലൂടെ ഓടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മൂന്ന് പടം സൂപ്പർ ഹിറ്റായി എന്ന് പറഞ്ഞിട്ടാണ് ഞാൻ ഓടുന്നത്. അപ്പോൾ ആളുകൾ എന്നെ ഭ്രാന്തൻ എന്നല്ലാതെ എന്താണ് വിളിക്കുക,’റോഷൻ ആൻഡ്രൂസ് പറയുന്നു.
Content Highlight: Roshan Andrews Talk About His Childhood