Entertainment
ഷോട്ട് എടുക്കുന്നതിന് മുമ്പ് മഞ്ജു ചെയ്യുന്ന ഒരു കാര്യമുണ്ട്, അങ്ങനെ ചെയ്യുന്ന മറ്റൊരു ആക്ടറെ ഞാന്‍ കണ്ടിട്ടില്ല; മഞ്ജു വാര്യരെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 02, 11:32 am
Friday, 2nd July 2021, 5:02 pm

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഹൗ ഓള്‍ഡ് ആര്‍ യുവും പ്രതി പൂവന്‍ കോഴിയും. അഭിനയിക്കുമ്പോള്‍ മഞ്ജു ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് റോഷന്‍ ആന്‍ഡ്രൂസ് ജെ.ബി. ജങ്ഷനില്‍ പറയുന്നത്.

ഏത് സീന്‍ ചെയ്യുമ്പോഴും തൊട്ട് മുന്‍പ് ചെയ്ത ഷോട്ടിലെ ഡയലോഗുകള്‍ പറഞ്ഞു നോക്കി അതേ ഇമോഷന്‍ വരുത്തുന്നതിന് വേണ്ടി മഞ്ജു ശ്രമിക്കാറുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

‘മഞ്ജു ഒരു സീന്‍ അഭിനയിക്കുമ്പോള്‍ 25 ഷോട്ടുകള്‍ ഉണ്ടെന്ന് വെക്കുക അതില്‍ ഒരു ഷോട്ട് എടുക്കുമ്പോള്‍ അതിന് തൊട്ടുമുമ്പുള്ള ഷോട്ടിലെ ഡയലോഗ് മഞ്ജു കാണാതെ പഠിച്ചിട്ടുണ്ടാവും. ആ ഡയലോഗ് പല തവണ പറഞ്ഞിട്ടാണ് എടുക്കേണ്ട ഷോട്ടിലേക്ക് വരുന്നത്. ഞാന്‍ അത് മഞ്ജുവില്‍ മാത്രം കണ്ടിട്ടുള്ള ശീലമാണ്. മഞ്ജുവിന്റെ ഡെഡിക്കേഷന്‍ ആണ് അതില്‍ കാണുന്നത്,’ റോഷന്‍ പറഞ്ഞു.

എത്ര ഷോട്ടുകള്‍ എടുക്കാനും റിഹേഴ്‌സലിന് എത്ര വേണമെങ്കിലും വന്ന് നില്‍ക്കാനും മഞ്ജുവിന് ഒരു മടിയുമില്ലെന്നും സംവിധായകന്‍ പറയുന്നു.

എന്നാല്‍ അഭിനയിക്കുന്നതിന് മുന്‍പ് എല്ലാവരും ആ പ്രക്രിയ ചെയ്യാറുണ്ടെന്നാണ് താന്‍ കരുതിയതെന്നും കുറച്ച് മുന്‍പ് എടുത്ത ഷോട്ടിന്റെ തുടര്‍ച്ചയായി അടുത്ത ഷോട്ട് ചെയ്യുന്നത് എളുപ്പമാക്കാനാണ് താന്‍ ഡയലോഗുകള്‍ പറഞ്ഞ് നോക്കുന്നതെന്നും മഞ്ജു ഇതേ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയിലെ ഡയലോഗ് പെട്ടെന്നുതന്നെ പഠിച്ച് പറയുന്ന മൂന്നുപേരെയാണ് താന്‍ മലയാളസിനിമയില്‍ കണ്ടിട്ടുള്ളതെന്ന് റോഷന്‍ ആന്‍ഡ്രൂസും പറഞ്ഞു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ആ മൂന്നുപേരെന്ന് റോഷന്‍ പറയുന്നു. പിന്നീട് ഒരാള്‍ കൂടിയുണ്ട് അത് അമ്പിളിച്ചേട്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Roshan Andrews shares experience shares about Manju Warrier