ഉദയനാണ് താരം എന്ന സിനിമയിലൂടെ കരിയർ തുടങ്ങി ഇന്ന് ബോളിവുഡ് വരെ എത്തിനിൽക്കുന്ന സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. നോട്ട്ബുക്ക്, മുംബൈ പൊലീസ് തുടങ്ങി റോഷൻ ചെയ്ത സിനിമകളെല്ലാം വ്യത്യസ്‍ത ചലച്ചിത്രങ്ങളാണ്.
ഷാഹിദ് കപൂർ നായകനാവുന്ന ദേവയാണ് റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം. വർഷങ്ങൾക്ക് ശേഷം നടി മഞ്ജു വാര്യർ തിരിച്ചുവന്ന ‘ഹൗ ഓൾഡ് ആർ യൂ’ എന്ന സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. തിയേറ്ററിൽ വലിയ വിജയമായി മാറിയ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യൂ.
മഞ്ജു വാര്യറുള്ള കാലത്താണ് ജീവിക്കുന്നതെന്ന് പറയുന്നത് തനിക്ക് അഭിമാനമാണെന്ന് പറയുകയാണ് റോഷൻ. സിനിമയുടെ ടെൻഷനെല്ലാം കൃത്യമായി മനസിലാക്കുന്ന ആളാണ് മഞ്ജുവെന്നും ഹൗ ഓൾഡ് ആർ യുവിലെ കഥാപാത്രത്തേക്കാൾ പ്രതി പൂവൻ കോഴി എന്ന സിനിമയിലാണ് മഞ്ജു തിളങ്ങിയതെന്നും ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം കണ്ട് അക്ഷയ് കുമാർ, ബോണി കപൂർ തുടങ്ങിയവർ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
സംവിധായകനെന്ന നിലയിൽ മഞ്ജു വാര്യർ ഉള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്
റോഷൻ ആൻഡ്രൂസ്
‘ചിത്രീകരണത്തിന്റെ ടെൻഷനിൽ സെറ്റിൽ നമ്മൾ പല മൂഡിലായിരിക്കും. ചിലപ്പോൾ ദേഷ്യം വരും. ആ അവസ്ഥകൾ അവർക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ നമ്മൾ പറയുന്ന കാര്യങ്ങൾക്കുപിന്നിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് മഞ്ജു മനസിലാക്കും. സംവിധായകനെന്ന നിലയിൽ മഞ്ജു വാര്യർ ഉള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ന് എന്റെ അടുത്ത സുഹൃത്താണവർ. ചില പ്രത്യേക സാഹചര്യങ്ങളിൽ എന്നെത്തേടിയെത്തുന്ന 10 ഫോൺ കോളുകളിൽ ഒന്ന് മഞ്ജുവിന്റേതായിരിക്കും.
‘ഹൗ ഓൾഡ് ആർ യു’വിന്റെ ഫസ്റ്റ് ഡേ തന്നെ മഞ്ജുവിന് കഥാപാത്രത്തിലേക്ക് ഇറങ്ങിവരാൻ കഴിഞ്ഞു. കലാകാരന്മാരെ സമയത്തിനും കാലത്തിനും പിടിച്ചുനിർത്താൻ കഴിയില്ല എന്ന് കാലം തെളിയിച്ചു. കാരണം അവർ നടിയാകാൻ വേണ്ടി ജനിച്ചവരാണ്. പ്രതി പൂവൻകോഴിയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോൾ അവരുടെ ശരീരത്തിൽ ഒരുപാട് പരിക്കുകൾ പറ്റിയിരുന്നു. കഥാപാത്രത്തിനുവേണ്ടിയുള്ള സമർപ്പണം അവിടെയും കാണാൻ കഴിഞ്ഞു. ഓരോ ചിത്രം കഴിയുന്തോറും നടിയെന്ന നിലയിലെ വലിയ വളർച്ച മഞ്ജുവിൽ കാണാറുണ്ട്.
‘ഹൗ ഓൾഡ് ആർ യു’വിലെ നിരുപമ രാജീവിനേക്കാൾ മഞ്ജു തിളങ്ങിയത് പ്രതി പൂവൻ കോഴിയിലെ മാധുരി എന്ന കഥാപാത്രമായിട്ടാണ്. ആ സിനിമയിലെ മഞ്ജുവിന്റെ അഭിനയം കണ്ട് അക്ഷയ് കുമാർ, ബോണി കപൂർ, ശരത് കുമാർ, വെട്രിമാരൻ എന്നിവർ വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതെല്ലാം കേൾക്കുമ്പോൾ ഏറെ സന്തോഷമാണ്,’റോഷൻ ആൻഡ്രൂസ് പറയുന്നു.
Content Highlight: Roshan Andrews About Acting Of Manju Warrior