| Wednesday, 19th October 2022, 12:30 pm

ഇതിനേക്കാളും വലിയ ഒരുപാട് വണ്ടി കയ്യിലുള്ള ആളല്ലേ; മമ്മൂക്ക ഈസിയായി വളച്ചെടുത്തങ്ങ് കൊണ്ടുപോകും; നമ്മള്‍ കുറച്ചധികം സമയമെടുത്തൊക്കെയാണ് പോകുക: മസ്താങ് കാര്‍ ഉടമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി തന്നെയാണ് മസ്താങ് കാറും വരുന്നത്. സിനിമയില്‍ കാറിന് വലിയ പ്രധാന്യമാണ് ഉണ്ടായിരുന്നത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിക്കൊപ്പം ഈ കാറും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് മസ്താങ് കാറിനെ സിനിമയില്‍ കാണിക്കുന്ന രൂപത്തില്‍ ആര്‍ട് ടീം സെറ്റ് ചെയ്ത് എടുത്തത്. കൊച്ചി സ്വദേശിയായ അലന്റെ കാറായിരുന്നു റോഷാക്കില്‍ ഉപയോഗിച്ചത്.

താന്‍ ഓടിച്ചു നടക്കുന്ന കാര്‍ മമ്മൂട്ടി ഓടിക്കുന്നത് തന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായ ഒരു കാര്യമാണെന്നും മമ്മൂക്ക ആയതുകൊണ്ട് മാത്രമാണ് കാര്‍ സിനിമയ്ക്ക് വിട്ടുകൊടുത്തതെന്നും അലന്‍ പറയുന്നു.

താനൊന്നും ഓടിക്കുന്നതുപോലെയല്ല മമ്മൂക്ക വണ്ടി ഓടിച്ചതെന്നും നമ്മള്‍ കുറച്ചധികം സമയമെടുത്ത് ക്രോസ് ചെയ്യുന്ന സ്ഥലങ്ങളൊക്കെ പുള്ളി വളരെ ഈസിയായി എടുത്തുകൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടെന്നും അലന്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വണ്ടി മമ്മൂക്കയുടെ കയ്യിലായതുകൊണ്ട് തന്നെ തനിക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്നും അലന്‍ പറയുന്നു.

മമ്മൂക്കയുടേയും അദ്ദേഹത്തിന്റെ കാറിന്റേയും വലിയ ആരാധകനാണ് ഞാന്‍. അതുകൊണ്ട് മാത്രമാണ് കാര്‍ കൊടുത്തത്. റോഷാക്കിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം ലാസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയെ പോയി കണ്ടിരുന്നു. അദ്ദേഹവുമായി സംസാരിച്ചു.

മമ്മൂക്ക എന്റെ വണ്ടി ഓടിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വല്ലാത്ത ഫീല്‍ ആയിരുന്നു. അദ്ദേഹം കുറേക്കാലമായി വണ്ടിയോടിക്കുന്ന ആളാണ്. പുള്ളിയുടെ കയ്യില്‍ ഇതിനേക്കാള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറഞ്ഞ വണ്ടികളും ഇതിനേക്കാളും കഷ്ടപ്പെട്ട് സിറ്റിയിലൂടെ കൊണ്ടുനടക്കുന്ന വണ്ടികളും ഉണ്ട്. അതുകൊണ്ട് തന്നെ പുള്ളി വളരെ ഈസിയായി ഒറ്റക്കൈ കൊണ്ട് കറക്കിയൊക്കെ ഓടിക്കും.

നമ്മള്‍ കുറച്ച് സമയമെടുത്ത് ക്രോസ് ചെയ്യുന്ന സ്ഥലങ്ങളൊക്കെ പുള്ളി വളരെ ഈസിയായി എടുത്തുകൊണ്ടുപോകും. വണ്ടി മമ്മൂക്കയുടെ കയ്യിലായതുകൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല.

ഷൂട്ടിന് കൊടുത്തുവിടുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലൊക്കേഷനില്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് പോയി നോക്കുന്നുണ്ടായിരുന്നു. വണ്ടിയ്ക്ക് ഒന്നും പറ്റില്ലല്ലോ എന്ന് ചോദിച്ച് ക്രൂവിനെ ശല്യം ചെയ്യുന്നുണ്ടായിരുന്നു (ചിരി).

വണ്ടിയുടെ ഒറിജിനല്‍ പാര്‍ട്‌സിന് ഒന്നും സംഭവിക്കില്ലെന്നും അതെല്ലാം വേറെ സോഴ്‌സ് ചെയ്ത് എടുത്ത് ആര്‍ട് വര്‍ക്ക് ചെയ്യുമെന്നും ആദ്യമേ എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് വണ്ടി കൊടുത്തത്. എന്റെ കാര്‍ സ്‌ക്രീനില്‍ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. മറ്റ് സിനിമകളിലേക്ക് ഇനി ചോദിച്ചാലും വണ്ടി കൊടുക്കില്ല. മമ്മൂക്കയായതുകൊണ്ട് മാത്രമാണ് വണ്ടി വിട്ടുകൊടുത്തത്, അലന്‍ പറഞ്ഞു.

തുടക്കം മുതല്‍ അവസാനം വരെ സിനിമയില്‍ ഉപയോഗിച്ച കാറിനെ കുറിച്ചും ഉപയോഗിച്ച രീതിയെ കുറിച്ചും അഭിമുഖങ്ങളില്‍ മമ്മൂട്ടിയും സംസാരിച്ചിരുന്നു.

തന്റെ കാര്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമയ്ക്ക് വേണ്ടി കൊടുക്കില്ലായിരുന്നെന്നാണ് മമ്മൂട്ടി ഒരഭിമുഖത്തില്‍ ചിരിയോടെ പറഞ്ഞത്.

സിനിമയോടുള്ള സ്‌നേഹം കൊണ്ടാണ് അലന്‍ വണ്ടി തന്നതെന്നും താനായിരുന്നെങ്കില്‍ കൊടുക്കില്ലായിരുന്നു എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

കാറിന് യഥാര്‍ത്ഥത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്‌സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Rorschach Movie Mustang Car Owner about Mammootty and His Driving

We use cookies to give you the best possible experience. Learn more