|

തണ്ടൊടിഞ്ഞ് റോസാപ്പൂ

ഹരിപ്രസാദ്. യു

ചിത്രം: റോസാപ്പൂ

രചന, സംവിധാനം: വിനു ജോസഫ്

സംഭാഷണം: സന്തോഷ് ഏച്ചിക്കാനം

ഛായാഗ്രഹണം: ജെബിന്‍ ജേക്കബ്

നിര്‍മ്മാണം: ഷിബു തമീൻസ്


റോസാപ്പൂ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് പ്രണയമാണ്. പ്രണയത്തിന്റെ അടയാളമായാണ് റോസാപ്പൂവിനെ നമ്മളെല്ലാം കാണുന്നത്. അതിനാല്‍ തന്നെ “റോസാപ്പൂ” എന്ന പേരില്‍ ഒരു ചിത്രം ഇറങ്ങുമ്പോഴും പ്രണയത്തെ മുന്‍നിര്‍ത്തിയുള്ള വലിയ പ്രതീക്ഷ സഹൃദയരായ പ്രേക്ഷകരില്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ബിജു മേനോന്‍, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സുന്ദരി അഞ്ജലി കൂടിയെത്തുമ്പോള്‍ ആ പ്രതീക്ഷ വര്‍ധിക്കും.

എന്നാല്‍ പേരാകുന്ന റോസാപ്പൂവിനു താഴെയുള്ള കൂര്‍ത്ത മുള്ളാണ് ഈ ചിത്രം. സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, കന്നഡ താരം ശില്‍പ്പ മഞ്ജുനാഥ് എന്നീ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നെങ്കിലും അത് ചിത്രത്തിന് ഒരുതരത്തിലും ഗുണം ചെയ്തില്ലെന്ന് പറയാതെ വയ്യ. ചിത്രം തുടങ്ങുന്നതിനു മുന്‍പ് “എല്ലാ സിനിമാ നടികള്‍ക്കും സമര്‍പ്പിക്കുന്നു” എന്നെഴുതിക്കാണിക്കുമ്പോള്‍ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കും ഇതെന്ന തെറ്റിദ്ധാരണയും സംവിധായകന്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നു.


Also Read: കൃഷ്ണപ്രിയയെന്ന കമലസുരയ്യ; അഥവാ കമലയുടെ ജീവിതത്തെ കമല്‍ കണ്ടവിധം – “ആമി” ഫിലിം റിവ്യൂ 


ചിത്രത്തിലെ കഥ നടക്കുന്നത് 2001-ലാണ്. ബിസിനസ് ചെയ്ത് കോടികള്‍ ഉണ്ടാക്കാനായി നടക്കുന്ന ഷാജഹാനിലൂടെയും (ബിജു മേനോന്‍), ആംബ്രോസിലൂടെയുമാണ് (നീരജ് മാധവ്) “റോസാപ്പൂ” വിരിഞ്ഞു തുടങ്ങുന്നത്. പല ബിസിനസുകള്‍ ചെയ്യുകയും അത് പൊളിയുകയും ചെയ്യുന്നത് പതിവാക്കിയ ഇവര്‍ക്ക് എല്ലാ ബിസിനസിന്റേയും ആശയങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് എം.ബി.എക്കാരനായ ചങ്ങാതിയാണ്. ബിസിനസിനുള്ള മുതല്‍മുടക്കിനായി പലരേയും വാചകമടിച്ചു വീഴ്ത്തുന്ന ബിജു മേനോന്റെ ഷാജഹാന്‍ പലപ്പോഴും “പുണ്യാളന്‍ അഗര്‍ബത്തീസി”ലെ ജോയ് താക്കോല്‍ക്കാരനെ ഓര്‍മ്മിപ്പിച്ചു.

മുട്ടക്കച്ചവടം പൊട്ടി നില്‍ക്കുന്ന സമയത്താണ് ഇവര്‍ക്ക് കടങ്ങള്‍ വീട്ടാനും പണമുണ്ടാക്കാനുമുള്ള പുതിയ ഐഡിയ കിട്ടുന്നത്. “എ പടം” അഥവാ സോഫ്റ്റ് പോണ്‍ സിനിമ നിര്‍മ്മിക്കുക. സിനിമാ സംവിധാനത്തോടു കമ്പമുള്ള ആംബ്രോസ് സംവിധാനം ചെയ്ത് ഷാജഹാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നായികയായി ഗ്ലാമര്‍ താരം ലൈലയേയും നിശ്ചയിക്കുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണിരുന്നതും ഷക്കീല ഉള്‍പ്പെടെയുള്ള നടിമാരുടെ സോഫ്റ്റ് പോണ്‍ സിനിമകള്‍ തിയേറ്ററുകള്‍ അടക്കിവാണിരുന്നതുമായ 2001 കാലഘട്ടം എങ്ങനെ റോസാപ്പൂവിന് പശ്ചാത്തലമായി എന്ന് ഇവിടെ പ്രേക്ഷകന് മനസിലാകും.

തങ്ങളുടെ സിനിമയ്ക്ക് മുടക്കാനായി പണം സ്വരൂപിക്കാന്‍ പണച്ചാക്കുകള്‍ക്കു പുറകെ പോകുന്ന സംഘം അറ്റ കയ്യായി പെണ്ണ് എന്ന പ്രലോഭനത്തിലാണ് അവരെ വീഴ്ത്തുന്നത്. തുടര്‍ന്ന് മലയാള സിനിമയുടെ തട്ടകമായിരുന്ന ചെന്നൈയ്ക്ക് പോകുന്ന ഇവര്‍ പിന്നീട് നേരിടുന്ന പ്രതിസന്ധികളും പെണ്ണിന്റെ ഉടലിനായി നടക്കുന്നവരുടെ നിരാശകളുമെല്ലാമായി ഇഴഞ്ഞു നീങ്ങുകയാണ് റോസാപ്പൂ. ക്ലീഷേയായ വൈകാരികതകളും സന്ദര്‍ഭങ്ങളും പ്രേക്ഷകരെ ഒട്ടും രസിപ്പിക്കുന്നില്ല. സോഫ്റ്റ് പോണ്‍ ചിത്രമായി നിര്‍മ്മാണം ആരംഭിച്ച സിനിമയ്ക്കുള്ളിലെ സിനിമയായ “റോസാപ്പൂ” ഒരു സീനിലെ മാറ്റം വരുത്തുന്നതിലൂടെ സൂപ്പര്‍ ഹിറ്റായതെങ്ങനെയെന്ന സംശയവും യഥാര്‍ത്ഥ “റോസാപ്പൂ” കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകന് ഉണ്ടാകും.


Don”t Miss: പാഡ്മാന്‍; മെയ്ഡ് ഫോര്‍ മെന്‍ – “പാഡ്മാന്‍” ഫിലിം റിവ്യൂ


സിനിമ, അതൊരു സോഫ്റ്റ് പോണ്‍ ചിത്രമാണെങ്കില്‍ പോലും അലസമായി ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല. എന്നാല്‍ റോസാപ്പൂ പറിക്കുന്നതു പോലെയാണ് സിനിമാ നിര്‍മ്മാണം എന്ന് “റോസാപ്പൂ” കണ്ടാല്‍ തോന്നിപ്പോകും. പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല വെറുപ്പിക്കുക കൂടി ചെയ്യുന്നതാണ് ചിത്രമെന്നതിന്റെ തെളിവാണ് രണ്ടാം പകുതി ആരംഭിച്ച ശേഷം ഒന്നൊന്നായി തിയേറ്റര്‍ വിട്ടു പോകുന്ന പ്രേക്ഷകര്‍ എന്നത് അപ്രിയ സത്യമാണ്.

വെള്ളിമൂങ്ങ മുതല്‍ ഷെര്‍ലക് ടോംസ് വരെയുള്ള ചിത്രങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായ ഒന്നും ബിജു മേനോനില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല. ഈ ചിത്രങ്ങളിലെല്ലാം കഥാപാത്രത്തിന്റെ പേരൊഴികെ മറ്റൊന്നും മാറിയിട്ടില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ ബിജു മേനോന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്നതിന്റെ മുന്നറിയിപ്പാണ് “റോസാപ്പൂ”.

അഞ്ജലിയുടെ കഥാപാത്രവും പലപ്പോഴും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. ശില്‍പ്പ മഞ്ജുനാഥിന്റെ കഥാപാത്രം എന്തിനായിരുന്നുവെന്നതും ചോദ്യമായി അവശേഷിക്കുന്നു. സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കോമാളി വേഷം കെട്ടിച്ചതിന് സംവിധായകന്‍ സമാധാനം പറയണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.


Also Read: കാര്യമല്ലാത്തൊരു കളി – ഫിലിം റിവ്യൂ “കളി”


കൊച്ചിയുടേയും ചെന്നൈയുടേയും ദൃശ്യങ്ങള്‍ ജെബിന്‍ ജേക്കബിന്റെ ക്യാമറ നന്നായി തന്നെ ഒപ്പിയെടുത്തു. സുഷിന്‍ ശ്യാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും തരക്കേടില്ല. തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിനു ജോസഫ് കൂടുതല്‍ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ഈ ചിത്രത്തിന്റെ കേട് അടുത്ത ചിത്രം സൂപ്പര്‍ഹിറ്റാക്കി കൊണ്ട് മാറ്റാന്‍ വിനുവിന് കഴിയട്ടെ.

ഹരിപ്രസാദ്. യു