| Sunday, 6th November 2022, 12:55 pm

ഇറങ്ങിവാടാ, നിന്നെ ഞാനൊന്ന് കാണട്ടെ; റോഷാക്ക് ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്; പുതിയ ട്രെയ്‌ലറുമായി ഡിസ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി-നിസാം ബഷീര്‍ കൂട്ടുകെട്ടിലൊരുങ്ങിയ റോഷാക്കിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്. നവംബര്‍ 11 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിങ് ആരംഭിക്കും. ഒ.ടി.ടി റിലീസിനോടനുബന്ധിച്ചുള്ള പുതിയ ട്രെയ്‌ലറും ഡിസ്‌നി പുറത്തിറക്കിയിട്ടുണ്ട്.

മമ്മൂട്ടിക്ക് പുറമേ ഗ്രേസ് ആന്റണി, ആസിഫ് അലി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ എന്നിവര്‍ അണിനിരക്കുന്ന ത്രില്ലിങ്ങ് ട്രെയ്‌ലറാണ് ഡിസ്‌നി പുറത്ത് വിട്ടത്.

വിദേശ പൗരത്വമുള്ള ലൂക്ക് ആന്റണി തന്റെ ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു നാട്ടില്‍ താമസമാരംഭിക്കുന്നതും പിന്നീട് ആ നാട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയുമാണ് റോഷാക്ക് മുന്നേറുന്നത്. ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളില്‍ എത്തിയത്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്രത്തിനായി മിഥുന്‍ മുകുന്ദന്‍ ചെയ്ത മ്യൂസിക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര, ഏജന്റ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlight: Rorschach will start streaming on Disney Plus Hotstar from November 11

We use cookies to give you the best possible experience. Learn more