| Thursday, 6th October 2022, 1:49 pm

ഈ കണ്ണ് ഞാനെവിടെയോ...? റോഷാക്കിലെ വില്ലന്‍ ആസിഫ് അലിയോ, കോട്ടയം നസീറോ, ഷറഫുദ്ദീനോ; ടീസറിന് പിന്നാലെ ചൂടന്‍ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

റിലീസിന് തൊട്ടുമുമ്പായി ഇന്ന് ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന് പിന്നാലെ ആകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ് ആരാധകര്‍.

ടീസറിന്റെ അവസാനഭാഗത്ത് കാണിക്കുന്ന മുഖംമൂടി വെച്ച വില്ലനെ ചൊല്ലിയാന്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. മുഖംമൂടി വെച്ച ആ വില്ലന്‍ ആസിഫ് അലിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചിലര്‍.

മുഖംമൂടിക്കുള്ളിലെ ആ കണ്ണുകള്‍ ആസിഫ് അലിയുടേതാണെന്ന് ചിലര്‍ ഉറപ്പിക്കുമ്പോള്‍ കോട്ടയം നസീറാണോ എന്ന സംശയം ചില വിരുതന്‍മാര്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം ‘റോഷാക്കി’ല്‍ ആസിഫ് അലി അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടി മുഖംമൂടി ധരിച്ചിരിക്കുന്ന റോഷാക്കിന്റെ ആദ്യ ഫസ്റ്റ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീസറില്‍ മമ്മൂട്ടി കഥാപാത്രമായ ലൂക്ക് ആന്റണി മുഖംമൂടി വെച്ച മറ്റൊരാളെ നേര്‍ക്കുനേര്‍ നോക്കിനില്‍ക്കുന്നതാണ് കാണിക്കുന്നത്.

ഒരു വീടും അത് വാങ്ങാനെത്തുന്ന ആളുമായും ചുറ്റപ്പെട്ടാണ് റോഷാക്കിന്റെ കഥാപരിസരം കിടക്കുന്നതെന്ന സൂചനകളാണ് ടീസര്‍ തരുന്നത്. അതിനൊപ്പം, ലൂക്ക് ആന്റണിയെ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന് ഗ്രേസ് ആന്റണിയുടെ കഥാപാത്രം തീരുമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകളും വിഷ്വലുകളും ടീസറിലുണ്ട്. ഒരു മരണത്തെ കുറിച്ചും പരാമര്‍ശമുണ്ട്. ലൂക്ക് ആന്റണി വെല്‍കം ബാക്ക് എന്ന് പറയുന്ന ശബ്ദത്തിലാണ് ടീസര്‍ അവസാനിക്കുന്നത്.

ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്നാണ് സൂചന. ഒപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചുള്ള ചില ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

‘റോഷാക്കി’ന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Rorschach Pre Release Teaser make Discussion about Villain Character Asif Ali

We use cookies to give you the best possible experience. Learn more