| Tuesday, 11th October 2022, 2:11 pm

ദിലീപിനെ കുറിച്ച് നല്ലത് വിചാരിക്കുന്ന ഒരാള്‍ പോലും ഭൂമുഖത്ത് കാണില്ല; പേര് അടിച്ചുതകര്‍ത്തെത്തുന്ന മമ്മൂട്ടിയുടെ ലൂക്ക് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌പോയിലര്‍ അലേര്‍ട്ട്

അടങ്ങാത്ത പ്രതികാരത്തിന്റെ കഥയാണ് നിസാം ബഷീറിന്റെ റോഷാക്ക്. തന്റെ ജീവനും ജീവിതവും പ്രിയപ്പെട്ടതുമെല്ലാം നഷ്ടമായ ലൂക്ക് ആന്റണി എന്ന മനുഷ്യന്‍ അതിനു കാരണക്കാരനായ ദിലീപിനോട് നടത്തുന്ന പ്രതികാരമാണ് ചിത്രം.

വണ്‍ ലൈനില്‍ ഒരു സാധാരണ പ്രതികാരകഥയായി മാത്രം ഒതുങ്ങിപ്പോകുമായിരുന്ന റോഷാക്കിനെ വ്യത്യസ്തമായ സിനിമാനുഭവമാക്കി മാറ്റുന്നതിലെ പ്രധാന ഘടകം ഈ പ്രതികാരത്തെ സിനിമ ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയാണ്.

ജീവിച്ചിരിക്കുന്നവരെ തേടി പ്രതികാരദാഹിയായ പ്രേതമാണ് മുന്‍ സിനിമകളിലെത്താറുള്ളതെങ്കില്‍ ഇവിടെ പ്രേതത്തെ തേടി എത്തുന്നത് ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യനാണ്.

ദിലീപിനുണ്ടായിരുന്ന ഓരോന്നിന്റെയും അസ്ഥിവാരം തോണ്ടുകയാണ് ലൂക്ക്. അതില്‍ അയാളുടെ കുടുംബവും പുതിയ വീടും ഫാക്ടറിയും ഏറ്റവും പ്രിയപ്പെട്ട ഭാര്യയും സഹോദരനും അമ്മയും എന്നു വേണ്ട ദിലീപിന്റെ അസ്ഥി വരെ ഉള്‍പ്പെടുന്നുണ്ട്.

ദിലീപിന്റെ ആത്മാവിനെ കുത്തിനോവിപ്പിക്കാനും കൂടുതല്‍ പ്രകോപിക്കാനും വേണ്ടിയാണ് ലൂക്ക് കൃത്യമായ പ്ലാനിങ്ങോടെ ഓരോ നീക്കങ്ങളും നടപ്പിലാക്കുന്നത്.

ദിലീപ് ആശിച്ച് മോഹിച്ച് പണിത വീട് സ്വന്തമാക്കുന്ന അയാള്‍ വീടിന് മുന്നിലെ ‘ദിലീപ് വില്ല’ എന്ന ബോര്‍ഡിലെ ദിലീപിനെ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്താണ് തന്റെ പ്രതികാരത്തിന് തുടക്കം കുറിക്കുന്നത്.

മരണശേഷവും ദിലീപിന് നാട്ടിലും വീട്ടിലുമുണ്ടായിരുന്ന പേര് കൂടി ഇല്ലാതാക്കി, ഒരാളുടെ ഓര്‍മ്മയെ പോലും നശിപ്പിച്ചാലെ പ്രതികാരം പൂര്‍ണമാകൂവെന്ന തന്റെ കാഴ്ചപ്പാട് അയാള്‍ യാഥാര്‍ത്ഥ്യമാക്കുന്നു.

ദിലീപിനെ കുറിച്ച് നല്ലത് പറയുന്ന ഒരാള്‍ പോലും ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പാക്കുമെന്ന് ലൂക്ക് ഒരിക്കല്‍ പറയുന്നുമുണ്ട്. തന്റെ ഓരോ നീക്കത്തിന് ശേഷവും ദിലീപിന്റെ ആത്മാവിനെ കാണാനായി അക്ഷമയോടെ കാത്തിരിക്കുന്ന ലൂക്കിനെ നിരവധി തവണ ചിത്രത്തില്‍ കാണാം.

ലൂക്ക് ആന്റണിയുടെ പ്രതികാരത്തിനിടയില്‍ കടന്നുവരുന്ന ഓരോ കഥാപാത്രങ്ങളെയും വിവിധ ലെയറുകളുള്ള അവരുടെ ജീവിതത്തെയും കൂടി അടയാളപ്പെടുത്തിക്കൊണ്ടാണ് റോഷാക്ക് നീങ്ങുന്നത്. സമീര്‍ അബ്ദുളിന്റെ തിരക്കഥ ഏറെ മികച്ചു നില്‍ക്കുന്നതും ഇവിടെയാണ്.

റോഷാക്ക് കണ്ടവരെല്ലാം സിനിമയുടെ തിരക്കഥാകൃത്തിനെയും സംവിധായകനെയും പ്രധാനമായും അഭിനന്ദിക്കുന്നത് പ്രതികാരത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ രീതിയുടെ പേരില്‍ തന്നെയാണ്. വളരെ സങ്കീര്‍ണമായ ഈ വികാരത്തെ അതിലേറെ ആഴത്തില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

Content Highlight: Rorschach movie’s plot of vengeance

We use cookies to give you the best possible experience. Learn more