ആദ്യ ഷോട്ട് മുതല്‍ ഒരു പ്രത്യേക മൂഡിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയി, പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് പതിയെ പതിയെ കൊട്ടികയറി, ഓരോ കഥാപാത്രങ്ങളുടെയും അടരുകള്‍ ഒന്നൊന്നായി പൊളിച്ചുകാണിച്ച് മുന്നോട്ടു പോകുന്ന ചിത്രമാണ് റോഷാക്ക്. ഒരു പ്രതികാരകഥയെ ‘വണ്‍ ഓഫ് എ കൈന്‍ഡ്’ എന്ന നിലയിലേക്ക് ഉയര്‍ത്തുന്ന ചിത്രം കൂടിയാണിത്.
വ്യത്യസ്തമാണ് മനുഷ്യബന്ധങ്ങള്‍. ബന്ധങ്ങളുടെ ആഴവും പരപ്പും ഒരു വ്യക്തിയെ കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് എപ്പോഴും മനസിലാകണമെന്നുമില്ല. ഇനി ആ കാര്യങ്ങള്‍, അത് ശരിയോ തെറ്റോ അങ്ങനെ എന്തുമാകട്ടെ, അത് തനിക്ക് വേണ്ടിയാണോ മറ്റേയാള്‍ക്ക് വേണ്ടിയാണോ ചെയ്യുന്നതെന്ന് തിരിച്ചറിയാനും ഇടക്കെങ്കിലും പ്രയാസമാകാറുണ്ട്.
സ്വന്തം സന്തോഷങ്ങള്‍ക്കും താന്‍ വിലപ്പെട്ടതെന്ന് കരുതുന്നവക്കും വേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യരുണ്ട്, നിര്‍ബന്ധിതരാകുന്നുവരുണ്ട്. ഇങ്ങനെ ബന്ധങ്ങളിലെയും മനുഷ്യരിലെയും സങ്കീര്‍ണതയെ ആവിഷ്‌കരിക്കുകയാണ് ഒരര്‍ത്ഥത്തില്‍ റോഷാക്ക്. കുടുംബം, കുടുംബത്തിനകത്തെ ബന്ധങ്ങള്‍, സമൂഹത്തിന് മുമ്പിലെ പേരും നിലയും അഭിമാനവും തുടങ്ങിയവ കൂടി ചിത്രം ചര്‍ച്ചയാക്കുന്നുണ്ട്.
ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറെന്നോ സൈക്കോളജിക്കല്‍ ത്രില്ലറെന്നോ ഉള്ള ഴോണറുകളില്‍ ഒതുക്കി നിര്‍ത്താവുന്ന ചിത്രമല്ല നിസാം ബഷീറിന്റെ റോഷാക്ക്. പല ഴോണറുകളിലൂടെ കയറിയിറങ്ങിയാണ് സമീര്‍ അബ്ദുള്ളിന്റെ തിരക്കഥ സഞ്ചരിക്കുന്നത്. യുഗങ്ങളായി കേള്‍ക്കുന്ന പ്രതികാരകഥയെ ട്രീറ്റ്‌മെന്റ് കൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടുമാണ് നിസാമും സമീര്‍ അബ്ദുള്ളയും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്.
സാധാരണ സൈക്കോളജിക്കല്‍ ത്രില്ലറുകളുടേത് പോലെയുള്ള ഒരു മിസ്റ്ററി സസ്‌പെന്‍സ് മോഡല്ല ചിത്രത്തിലേത്. ചിത്രത്തിന്റെ അവസാനം രോഗവസ്ഥയെന്താണെന്നോ അല്ലെങ്കില്‍ ആരാണ് യഥാര്‍ത്ഥ വില്ലനെന്നോ വെളിപ്പെടുത്തുന്ന രീതിയല്ല ഇവിടെ സ്വീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ സൈക്കോളജിക്കല്‍ എലമെന്റിനെ ചുറ്റിപ്പറ്റിയല്ല കഥ നീങ്ങുന്നതും.
ഒരാളുടെ ക്യാരക്ടര്‍ ട്രെയ്റ്റുകളിലൊന്നായാണ് അത് എത്തുന്നത്. മാത്രമല്ല, കഥാപാത്രം അതിനെ എങ്ങനെയാണോ കാണുന്നത് അതുപോലെ തന്നെ ആ അവസ്ഥയെ കാണാനും ഒപ്പം കൂടാനും പ്രേക്ഷകര്‍ക്ക് ഇടം ലഭിക്കുന്നുമുണ്ട്.
പ്രധാന കഥാപാത്രങ്ങളുടെ ലക്ഷ്യവും ബാക്ക്‌സ്റ്റോറിയുമെല്ലാം തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന രീതിയാണ് റോഷാക്കിലേത്. എന്നിട്ടും അവസാനം വരെ ത്രില്ലിങ് ഫീല്‍ നഷ്ടപ്പെടുകയുമില്ല. ഇന്റര്‍വെല്ലിന് ശേഷം ഇനിയെന്താണ് കഥയില്‍ പറയാന്‍ ബാക്കിയുള്ളതെന്ന് കണ്ടുപഴകിയ ശീലങ്ങളുടെ ഓര്‍മയില്‍ പ്രേക്ഷകര്‍ ചിന്തിച്ചേക്കാം. എന്നാല്‍ അവിടെ നിന്നും കഥ കൂടുതല്‍ വ്യത്യസ്തമായ പാതയില്‍ സഞ്ചരിക്കും. പല കഥാപാത്രങ്ങളും ഞെട്ടിക്കും.
ചിത്രത്തിലെ ഡയലോഗുകള്‍ക്ക് പോലും ഒരു പ്രത്യേക താളമുണ്ട്. അച്ചടിഭാഷയും സ്ലാങ്ങും ചേര്‍ന്നെത്തുന്ന സംഭാഷണങ്ങള്‍ സിനിമയുടെ കഥപറച്ചിലിനോട് ഏറ്റവും ചേര്‍ന്ന് നിന്നിരുന്നു.
നിമിഷ് രവിയുടെ ക്യാമറ റോഷാക്കിന്റെ നിഗൂഢതയെയും പകര്‍ത്തിവെച്ചാണ് നീങ്ങുന്നത്. മനോഹരമായ ടോപ് ആങ്കിള്‍ ഷോട്ടുകളും ക്ലോസ് ഷോട്ടുകളും സിനിമയിലുണ്ട്. ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനില്‍ക്കുന്ന മിഥുന്‍ മുകുന്ദന്റെ ബി.ജി.എമ്മും ഇടക്കെത്തുന്ന ഇംഗ്ലിഷ് സോങ്ങുമാണ് റോഷാക്കിന്റെ ആസ്വദനത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്. സൗണ്ട് ഡിസൈനും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും അണ്‍കണ്‍വെന്‍ഷനലായ ചില ഇഫക്ടുകളും കൂടി ചേരുന്നതോടെ റോഷാക്ക് തീര്‍ച്ചയായും ഒരു ഫ്രഷ്‌നെസ് തരും.
തിരക്കഥാകൃത്തും സംവിധായകനും തങ്ങളുടെ സിനിമയുടെ രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ കൊണ്ടുപോകാനാഗ്രഹിച്ച ജേര്‍ണിയെ യാഥാര്‍ത്ഥ്യമാക്കുന്നത് ഇപ്പറഞ്ഞ ഘടകങ്ങളും മൊത്തത്തിലുള്ള സാങ്കേതികമികവുമാണ്.
റോഷാക്കിലെ പ്രധാന താരങ്ങള്‍ കഥാപാത്രങ്ങളാണ്. സീതാമ്മ എന്ന ബിന്ദു പണിക്കരുടെ കഥാപാത്രമാണ് സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രനിര്‍മിതി. ബിന്ദു പണിക്കരുടെ കരിയറിലെ ഏറ്റവും മികച്ച വേഷവും ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുമാണ് സീതാമ്മ.
റോഷാക്കിന്റെ പ്ലോട്ട് പതിയെ പതിയെ എക്‌സ്‌പ്ലോര്‍ ചെയ്‌തെടുത്ത്, ഗംഭീരമായ ക്യാരക്ടര്‍ ആര്‍ക്ക് കൊടുത്തിട്ടുള്ള വേഷമാണിത്. മലയാളത്തിലെ ഏറ്റവും സങ്കീര്‍ണമായ സ്ത്രീകഥാപാത്രങ്ങളിലൊന്നും അമ്മ വേഷങ്ങളുടെ പുതിയ രൂപവുമാണ് സീതാമ്മ.