| Sunday, 16th October 2022, 12:34 pm

തല്ലുമാലയും പാപ്പനും കടുവയുമൊക്കെ അങ്ങ് മാറി നിന്നേക്ക്; റോഷാക്കിന്റെ പുതിയ നേട്ടത്തിലെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നോട്ടുപോകുകയാണ് മമ്മൂട്ടി ചിത്രമായ റോഷാക്ക്. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതല്‍ തന്നെ മികച്ച കളക്ഷനാണ് നേടുന്നത്.

ഇപ്പോള്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് റോഷാക്ക്. സമീപകാല മലയാളചിത്രങ്ങളില്‍ ഇറങ്ങി രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് റോഷാക്ക്.

കഴിഞ്ഞ ദിവസം 92 ലക്ഷം രൂപയാണ് റോഷാക്ക് നേടിയത്. അടുത്ത കാലത്തിറങ്ങി ഹിറ്റായ മലയാളചിത്രങ്ങളുടെയെല്ലാം റെക്കോഡിനെ മറികടക്കുന്ന പ്രകടനമാണിത്.

റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാം ശനിയാഴ്ച ന്നാ താന്‍ കേസ് കൊട് 82 ലക്ഷവും പാപ്പന്‍ 81.2 ലക്ഷവും തല്ലുമാല 80.5 ലക്ഷവും കടുവ 78.5 ലക്ഷമായിരുന്നു നേടിയത്.

അതേസമയം ഈ കളക്ഷനില്‍ റോഷാക്കിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ്. 86 ലക്ഷമാണ് ചിത്രം നേടിയത്.

റോഷാക്കിന്റെ തിയേറ്ററിലെ പെര്‍ഫോമന്‍സിന് വലിയ പ്രത്യേകതകളുണ്ടെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്. മേക്കിങ്ങിലും നരേഷനിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രമാണ് റോഷാക്കെന്നും അങ്ങനെയൊരു സിനിമക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.

തല്ലുമാലക്ക് ലഭിച്ച പ്രേക്ഷക പിന്തുണയും സമാനമായ അഭിപ്രായമുയര്‍ത്തിയിരുന്നു. എന്നാല്‍ കഥ പറച്ചിലില്‍ വ്യത്യസ്തത പുലര്‍ത്തിയെങ്കിലും പാട്ടുകളും ഫൈറ്റുമെല്ലാം തല്ലുമാലക്ക് ഗുണകരമായി എന്നും ആ ആഘോഷം മൂഡല്ല റോഷാക്കിനുള്ളതെന്ന് കൂടി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

റോഷാക്കിന്റെ തിരക്കഥയും സംവിധാനവും ഏറെ പ്രശംസ നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്ളാണ്.

ചിത്രത്തിലെ മിഥുന്‍ മുകുന്ദന്റെ സംഗീതവും നിമിഷ് രവിയുടെ ക്യാമറയും കിരണ്‍ ദാസിന്റെ എഡിറ്റിങ്ങും കയ്യടികള്‍ നേടിയിരുന്നു. ലൂക്ക് ആന്റണിയായുള്ള മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, കോട്ടയം നസീര്‍, ജഗദീഷ്, സഞ്ജു ശിവറാം എന്നിവരുടെ പെര്‍ഫോമന്‍സും ഏറെ മികച്ചുനിന്നിരുന്നു.

അതേസമയം റോഷാക്ക് ഒക്ടോബര്‍ 14 മുതല്‍ യൂറോപ്പില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഈ ആഴ്ച ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. ഓസ്ട്രേലിയയിലും ന്യൂസിന്‍ഡിലും പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.

Content Highlight: Rorschach hits new record in collection goes  ahead of Thallumala, Kaduva, PS1, Pappan and Nna Thaan Case Kodu

We use cookies to give you the best possible experience. Learn more