| Tuesday, 29th November 2022, 8:15 pm

ഓഡിയന്‍സിനെ എന്‍ഗേജ് ചെയ്യിക്കുന്നത് ഭയങ്കര സംഭവമാണ്; ഷൂട്ട് ചെയ്യുന്നവര്‍ക്ക് ക്ലാസെടുത്ത് മമ്മൂട്ടി; റോഷാക്ക് സെറ്റിലെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷകനെ ഞെട്ടിച്ച സിനിമയാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ലൂക്ക് ആന്റണി പൊലീസിന് കീഴടങ്ങിയതിന് ശേഷമുള്ള പൊലീസ് സ്റ്റേഷനിലെ ക്ലൈമാക്‌സ് രംഗത്തിന്റെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

മമ്മൂട്ടി, നിസാം ബഷീര്‍, ഇറാ നൂര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരേയും വീഡിയോയില്‍ കാണാം. ഫിലിം മേക്കിങ്ങിനെ പറ്റി മമ്മൂട്ടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഹാന്‍ഹെല്‍ഡ് റിയല്‍ ഷോട്ട്‌സ്, റിയല്‍ മൂവ്‌മെന്റ്‌സ്, റിയല്‍ ഫോളോ, അതായത് ഓഡിയന്‍സിനെ നമ്മള്‍ എന്‍ഗേജ് ചെയ്യിക്കുന്നത് ഭയങ്കരമായ ഒരു സംഭവമാണ്,’ മമ്മൂട്ടി പറഞ്ഞു.

അടുത്തിടെ ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് പ്രമുഖ താരങ്ങളും എത്തിയിരുന്നു. ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടിയെന്നാണ് അനൂപ് മേനോന്‍ കുറിച്ചത്.

ചിത്രം കണ്ട് ഇരുന്നിടത്തുനിന്നും അനങ്ങിയിട്ടില്ലെന്നാണ് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ പറഞ്ഞത്. ‘എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയത് പോലുമില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: rorschach climax making video

We use cookies to give you the best possible experience. Learn more