| Saturday, 24th February 2024, 12:33 pm

അന്ന് കഥ പറയുമ്പോള്‍ ദുല്‍ഖറിന്റെ കണ്ണുകള്‍ നിറഞ്ഞു; അവന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആ സിനിമ മുന്നിലാണ്: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1995ല്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് തീവ്രം. രൂപേഷിന്റെ ഈ ആദ്യ സംവിധാന ചിത്രം ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഈ ചിത്രത്തില്‍ ആദ്യം ഫഹദ് ഫാസിലായിരുന്നു നായകനാകേണ്ടിയിരുന്നത്.

എന്നാല്‍ ഫഹദ് ഈ സിനിമ നിരസിക്കുകയായിരുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയഅഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരന്‍. ദുല്‍ഖറിനോട് കഥ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു വരുന്നത് തനിക്ക് കാണാന്‍ പറ്റിയിരുന്നെന്നാണ് രൂപേഷ് പറയുന്നത്.

‘എന്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിയെ പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കില്‍ പോലും ഞാന്‍ രണ്ടോ മൂന്നോ സ്‌ക്രിപ്റ്റുകള്‍ ഫിക്‌സ് ചെയ്തിരുന്നു. പക്ഷേ ആള്‍ അതൊക്കെ റിജക്ട് ചെയ്തു. (ചിരി)

നമുക്ക് ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ല. അയാള്‍ക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തി അഭിനയിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് കഴിയില്ല. എനിക്ക് അത് ഇഷ്ടവുമല്ല.

ഉദാഹരണത്തിന് തീവ്രം സിനിമ ആദ്യം ചെയ്യാനിരുന്ന ആള്‍ അതില്‍ നിന്ന് വിട്ടുപോയത് നന്നായെന്നേ ഞാന്‍ പറയുകയുള്ളു. കാരണം ആള്‍ എല്ലാ കമ്മിറ്റ്‌മെന്റോടെയും കൂടെയല്ല ആ സിനിമ ചെയ്തതെങ്കില്‍ ചിലപ്പോള്‍ അത് വലിയ അബദ്ധമായേനെ.

ദുല്‍ഖറിന്റെ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവനോട് കഥ പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് എനിക്ക് കാണാന്‍ പറ്റിയിരുന്നു. ദുല്‍ഖര്‍ അത്രയും ആത്മാര്‍ത്ഥമായി ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം അവന്റെ ഏറ്റവും നല്ല പെര്‍ഫോമന്‍സില്‍ ഒന്നായി വന്നത്.

ഞാന്‍ ആ സിനിമ മികച്ചതാണ് എന്നല്ല പറയുന്നത്. ദുല്‍ഖറിന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആ സിനിമ മുന്നിലാണ്. അതിന് കാരണം അവന്റെ കമ്മിറ്റ്‌മെന്റാണ്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Theevram Movie And Dulquer Salmaan

We use cookies to give you the best possible experience. Learn more