| Sunday, 25th February 2024, 3:00 pm

അവരില്‍ ഏറ്റവും ബെസ്റ്റ് മമ്മൂക്ക; ഇഷ്ടമായില്ലെങ്കില്‍ ശരിയാവില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്ത് വേറെ കഥയുമായി വരാന്‍ പറയും: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1995ല്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു.

1996ല്‍ ദൂരദര്‍ശന്‍ മലയാളത്തിലെ ‘പ്രണവം’ എന്ന ടെലിവിഷന്‍ പരമ്പരയിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് രൂപേഷ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് ബാംഗ്ലൂരിലെ ഡെല്ലില്‍ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്തു.

ശേഷം 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയോട് കഥ പറയാന്‍ പോയതിനെ കുറിച്ച് പറയുകയാണ് രൂപേഷ് പീതാംബരന്‍.

‘ഒരു കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഇഷ്ടപെട്ടില്ലെന്ന് പറയുന്ന നടന്മാരാണ് പൃഥ്വിയും ദുല്‍ഖറും ടൊവിനോയും വിനീതും മമ്മൂക്കയും. ഇത് എന്തുകൊണ്ടാണ് ഇത്രയും ധൈര്യമായി ഞാന്‍ പറയുന്നതെന്ന് ചോദിച്ചാല്‍ ഇവരെല്ലാവരും എന്റെ പടം റിജക്ട് ചെയ്തവരായത് കൊണ്ടാണ്.

അവരില്‍ ഏറ്റവും ബെസ്റ്റ് മമ്മൂക്കയാണ്. നമ്മള്‍ ആദ്യം ചെന്ന് മമ്മൂക്കയോട് കഥ പറയും. അപ്പോള്‍ ഞാന്‍ ആലോചിക്കട്ടെ നീ ഒരാഴ്ച്ച കഴിഞ്ഞ് വാ എന്നാകും ആള്‍ പറയുന്നത്. പിന്നെ കാണുമ്പോള്‍ ആ സിനിമയെ പറ്റി ചര്‍ച്ച ചെയ്യും. അടുത്ത തവണ കാണുമ്പോള്‍ ഞാന്‍ ഇത് ചെയ്യുന്നില്ലെന്നാകും മറുപടി പറയുക.

കാര്യം ചോദിച്ചാല്‍ ഇത് താന്‍ ചെയ്താല്‍ ശരിയാവില്ലെന്നും തനിക്ക് പറ്റില്ലെന്നും പറയും. അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ കൂടുതല്‍ ചോദിക്കരുത്. ആ തീരുമാനത്തെ റെസ്പെക്ട് ചെയ്യണം. എങ്കില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ് നമ്മള്‍ പോകാന്‍ നേരത്ത് നീ വേറെ കഥയുമായി വാ എന്ന് ഇക്ക പറയും.

അതല്ലാതെ നിന്റെ കൂടെ പടം ചെയ്യില്ലെന്നൊന്നും പറയില്ല. മമ്മൂക്കയില്‍ എനിക്ക് ഏറ്റവും സ്വീറ്റായി തോന്നിയ കാര്യമതാണ്. ആള്‍ക്ക് ഒരു കഥ ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയും. പിന്നെ അയാളെ അടുപ്പിക്കരുതെന്ന ചിന്തയൊന്നുമാകില്ല മമ്മൂക്കക്ക്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Mammootty

We use cookies to give you the best possible experience. Learn more