| Saturday, 24th February 2024, 9:06 am

ആ സിനിമയെ കുറിച്ച് സംസാരിച്ച് അന്ന് പൃഥ്വിയുടെ മുന്നില്‍ കരഞ്ഞു; അതുകണ്ട് പൃഥ്വി ടെന്‍ഷനായി: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015ല്‍ പുറത്തിറങ്ങി ഏറെ വിജയമായ ഒരു ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കാഞ്ചനമാലയുടെയും ബി.പി. മൊയ്തീന്റെയും യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തിരുന്നത് ആര്‍.എസ്. വിമലായിരുന്നു.

പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തുമായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. അവര്‍ക്ക് പുറമെ ടൊവിനോ തോമസ്, ബാല, സായ് കുമാര്‍, ശശി കുമാര്‍, ലെന എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു.

ഇപ്പോള്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനോട് എന്ന് നിന്റെ മൊയ്തീന്‍ സിനിമയെ പറ്റി സംസാരിച്ചിതിനിടയില്‍ താന്‍ കരഞ്ഞതിനെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍.

‘എന്റെ യു ടൂ ബ്രൂട്ടസ് സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോള്‍ പാലക്കാട് ‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കുന്നത് ഏകദേശം രണ്ട് കൊല്ലമെടുത്തിട്ടാണ്. ടൊവിനോ മൊയ്തീനില്‍ അഭിനയിക്കുന്നുണ്ട്.

അപ്പോള്‍ നമ്മുടെ പടത്തില്‍ അവന് അഭിനയിച്ചു കഴിഞ്ഞതാണ്. ബ്രൂട്ടസ് ഇറങ്ങിയിട്ട് ടൊവിനോക്ക് നല്ല കയ്യടി കിട്ടുന്ന സമയമായിരുന്നു അത്. അങ്ങനെ ഒരിക്കല്‍ ടൊവിനോയെ കാണാന്‍ പോയപ്പോഴാണ് ഞാന്‍ പൃഥ്വിരാജിനെ പരിചയപെടുന്നത്.

അന്ന് മൊയ്തീന്റെ കഥ എനിക്ക് അറിയാമായിരുന്നു. പിന്നെ പടം ഇറങ്ങിയ ശേഷം പാവാടയുടെ ഷൂട്ട് നടക്കുമ്പോഴാണ് എനിക്ക് പൃഥ്വിയെ കാണണമെന്ന് തോന്നി. അന്ന് മൊയ്തീന്‍ നല്ല ബ്ലോക്ക്ബസ്റ്ററായി നില്‍ക്കുന്ന സമയമാണ്. എനിക്കാണെങ്കില്‍ പടം കണ്ടിട്ട് അത് തലയില്‍ നിന്ന് വിട്ട് പോയിട്ടില്ല.

ഞാന്‍ പൃഥ്വിയുടെ അടുത്ത് മൊയ്തീനെ പറ്റിപറഞ്ഞ് അവസാനം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. കാരണം ആ ക്ലൈമാക്‌സ് എന്റെ മനസില്‍ തന്നെയുണ്ടായിരുന്നു.

ഇപ്പോള്‍ പോലും ആലോചിക്കുമ്പോള്‍ സ്റ്റക്ക് ആകുന്ന ക്ലൈമാക്‌സാണ് അത്. അന്ന് ഞാന്‍ കരയുന്നത് കണ്ട് പൃഥ്വിരാജിന് ടെന്‍ഷനായി. ആള്‍ എന്നോട് ഉടനെ വെള്ളം വേണോയെന്നൊക്കെ ചോദിച്ചു,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About How He Cried In Front Of Prithviraj Sukumaran When He Talking About Ennu Ninte Moideen Movie

We use cookies to give you the best possible experience. Learn more