തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയനായ താരമാണ് രൂപേഷ് പീതാംബരന്‍. 1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ സ്ഫടികം എന്ന സിനിമയിലൂടെയാണ് രൂപേഷ് ബാലതാരമായെത്തിയത്.
മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ആയിരുന്നു താരം സ്ഫടികത്തില്‍ അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത രൂപേഷ് 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.
രൂപേഷ് പീതാംബരന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഹൊഡു. അനുഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ത്രില്ലര്‍ ചിത്രം ഒ.ടി.ടി റിലീസായാണ് എത്തുന്നത്. പത്ത് ലക്ഷം രൂപയില്‍ ഒമ്പത് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമ ഹൊഡു എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.
സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ്.
‘എനിക്ക് ശരിക്കും വലിയ പേടിയായിരുന്നു. സംവിധായകന്‍ അനുഷ് മോഹന്‍ എന്റെ അടുത്ത സുഹൃത്താണ്. അനുഷ് പണ്ട് മെക്‌സിക്കന്‍ അപാരതക്ക് ശേഷം എന്നെയും വേറെ രണ്ട് ആക്‌റ്റേഴ്‌സിനെയും വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തു. പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല.
ഞാന്‍ അതിന് ശേഷം അനുഷിന് വേണ്ടി ഒരു സ്‌ക്രിപ്റ്റ് ചെയ്തു. അതില്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്നും മാര്‍ക്കറ്റ് വാല്യൂവില്ലെങ്കില്‍ ഒരു പ്രൊഡ്യൂസര്‍മാരും കാശ് ഇറക്കില്ലെന്നും പറഞ്ഞു. സ്‌ക്രിപ്റ്റ് എഴുതി കൊടുത്ത ശേഷം നല്ല ഒരു നടന്റെ അടുത്ത് ആ കഥ പറഞ്ഞ് നടക്കുകയാണെങ്കില്‍ ചെയ്‌തോളൂ എന്നായിരുന്നു ഞാന്‍ പറഞ്ഞത്.
ആ സിനിമ ഏകദേശം നടക്കുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് കൊവിഡ് വന്നത്. അതോടെ ലോക്ക്ഡൗണായി. അങ്ങനെ ഇരിക്കുന്ന സമയത്ത് വേറെ ഒരു പടം ചെയ്യാമെന്ന് പറഞ്ഞ് ആള്‍ എനിക്ക് ഒരു ഷോര്‍ട്ട് സ്റ്റോറി അയച്ചു തന്നു. അത് ചെയ്യാന്‍ തീരുമാനിച്ചു. പ്രൊഡ്യൂസറും ഫണ്ടും വേണ്ടേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അതെങ്ങനെയെങ്കിലും ചെയ്യാമെന്നായിരുന്നു മറുപടി.
അങ്ങനെ അവര് ഷൂട്ടിങ് പ്ലാന്‍ ചെയ്തു. ഞാന്‍ അന്ന് അവിടെ ചെന്നപ്പോള്‍ ഒരു ക്യാമറ മാത്രമാണ് ആകെ കാണുന്നത്. പിന്നെ ഒരു പത്തോ പതിനഞ്ചോ ആളുകളും ഉണ്ടായിരുന്നു. എനിക്ക് ഇത് കണ്ടപ്പോള്‍ ആകെ പേടിയായി. നമ്മള്‍ കണ്ട് പരിചയമുള്ള ഷൂട്ട് ഇങ്ങനെയല്ലല്ലോ. ഷോര്‍ട്ട് ഫിലിം ആണെങ്കില്‍ പോലും അതിന് ഒരു യൂണിറ്റ് ഉണ്ടാകില്ലേ. ഇത് അതൊന്നും ഇല്ല,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.
വിനോദ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. രൂപേഷ് പീതാംബരനൊപ്പം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഹരികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സാനു, വൈശാഖ്, ശരത്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും വേഷമിടുന്നു.
ഛായാഗ്രാഹണം – ശ്യാം അമ്പാടി, സംഗീത സംവിധാനം – ധീരജ് സുകുമാരന്‍, കോസ്റ്റ്യൂം ഡിസൈന്‍ – സൂര്യ, ഡി.ഐ. ജോജി പാറകല്‍, കലാ സംവിധാനം – ചന്ദു, എഡിറ്റര്‍ – ശരത്ത് ഗീതാ ലാല്‍.
Content Highlight: Roopesh Peethambaran Talks About Hodu Movie