എമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ മുമ്പ് പൃഥ്വിരാജ് സിനിമയുടെ സ്‌ക്രിപ്റ്റ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി സംസാരിച്ച് സെറ്റിലാക്കി കഴിഞ്ഞുവെന്ന് രൂപേഷ് പീതാംബരന്‍. ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി ചെയ്യേണ്ടതെന്നും രൂപേഷ് പറഞ്ഞു.
എമ്പുരാന്‍ സിനിമ ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോം എടുക്കാതിരിക്കുമോയെന്ന് ചോദിച്ച താരം പൃഥ്വിരാജ് ചെയ്തത് പോലെയാണ് എല്ലാവരും ചെയ്യേണ്ടതെന്നും പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രൂപേഷ് പീതാംബരന്‍.
‘പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ മുമ്പ് സിനിമയുടെ സ്‌ക്രിപ്റ്റും കാര്യങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായിട്ട് സംസാരിച്ച് കഴിഞ്ഞു. അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യമാണ് ഇത്.
എമ്പുരാന്‍ ആരെങ്കിലും എടുക്കാതിരിക്കുമോ. അവരൊക്കെ ആ സിനിമ തങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് അടിയാകും.
പക്ഷേ എന്നിട്ട് പോലും പൃഥ്വിരാജ് അത് ചെയ്തു. ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് ചെയ്യേണ്ടത്. ആ രീതിയില്‍ എല്ലാവരും സിനിമ ചെയ്യണം എന്നാണ് ഞാന്‍ പറയുന്നത്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.
ഒരു സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ തിയേറ്ററിലാണോ ഒ.ടി.ടിയിലാണോ റിലീസ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആദ്യമേ തീരുമാനിക്കണമെന്ന് പൃഥ്വിരാജ് പണ്ട് ഏതോ അഭിമുഖത്തില്‍ പറഞ്ഞിരുന്നെന്നും രൂപേഷ് പറയുന്നു. അത് നൂറ് ശതമാനം ശരിയാണെന്നും ഇപ്പോള്‍ താനടക്കമുള്ള എല്ലാ ഫിലിം മേക്കേഴ്‌സും അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ ഒരു സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ അത് തിയേറ്ററിലാണോ ഒ.ടി.ടിയിലാണോ റിലീസ് ചെയ്യേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിക്കണമെന്ന് പൃഥ്വിരാജ് പണ്ട് ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. അത് നൂറ് ശതമാനവും ശരിയാണ്.
ഇപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ കൂടെയുള്ള എല്ലാ ഫിലിം മേക്കേഴ്‌സും അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ തന്നെ ഇത് തിയേറ്ററിന് വേണ്ടി ചെയ്യണോ എന്ന് ചിന്തിക്കും,’ രൂപേഷ് പീതാംബരന്‍ പറയുന്നു.
Content Highlight: Roopesh Peethambaran Talks About Empuraan And Prithviraj Sukumaran