ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് തീവ്രം. രൂപേഷിന്റെ ഈ ആദ്യ സംവിധാന ചിത്രം ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഈ ചിത്രത്തില്‍ ആദ്യം ഫഹദ് ഫാസിലായിരുന്നു നായകനാകേണ്ടിയിരുന്നത്.
എന്നാല്‍ ഫഹദ് ഈ സിനിമ നിരസിക്കുകയായിരുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തിലേക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാനെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരന്‍.
‘മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരുന്നു അത്. അന്ന് രണ്ട് വാര്‍ത്തകള്‍ എന്നെത്തേടി എത്തി. കലൂര്‍ വണ്ടി പാര്‍ക്ക് ചെയ്ത് ക്രോസ് ചെയ്യുന്ന സമയത്ത് പെട്ടെന്ന് കോളുകള്‍ വന്നു.
ഒന്ന് എന്റെ ഭാര്യയായിരുന്നു. അവള്‍ പ്രെഗ്‌നന്റ് ആണെന്ന് പറയാനായിരുന്നു വിളിച്ചത്. രണ്ടാമത്തെ കോള്‍ ആ നടന്റേത് ആയിരുന്നു. അയാള്‍ ഈ പടം ചെയ്യുന്നില്ലെന്ന് വിളിച്ചു പറഞ്ഞു.
ഇത് രണ്ടും കൂടെ ഒരുമിച്ച് വന്നപ്പോള്‍ ഞാന്‍ അവിടെ ഒറ്റൊരു ഇരിപ്പ് ഇരുന്നു പോയി. ആകെ തലകറക്കം പോലെ തോന്നി.
അതോടെ ആളുകള്‍ എന്നെ പൊക്കിയെടുത്ത് കൊണ്ടുപോയി. നാരങ്ങവെള്ളവും ചായയുമൊക്കെ വാങ്ങി തന്നു. കോണ്‍ഷ്യസാകാന്‍ കുറച്ച് സമയമെടുത്തു. ഡെസ്റ്റിനിയെന്നൊക്കെ പറയുന്നത് പോലെ, ഇത് കഴിഞ്ഞ് ഞാന്‍ തിരിച്ച് ജോലിക്ക് കയറാമെന്ന ധാരണയില്‍ ഇരിക്കുകയായിരുന്നു.
അന്‍വര്‍ റഷീദ് എന്റെ അടുത്ത സുഹൃത്താണ്. അവന്‍ ഒരാളുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു. നേരെ ദുല്‍ഖറിന്റെ അടുത്ത് കൊണ്ടുപോയി. കഥ കേട്ടതും ദുല്‍ഖറിന് ഇഷ്ടമായി.
അയാളുടെ ഏതോ പടം ഡ്രോപ്പായി നില്‍ക്കുകയായിരുന്നു. ആ ഗ്യാപ്പില്‍ ഈ പടം കയറ്റി. അതാകും ചിലപ്പോള്‍ വിധി,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.
Content Highlight: Roopesh Peethambaran Talks About Dulquer Salmaan