സ്ഫടികത്തിന് ശേഷം വീട്ടുകാര്‍ അഭിനയിക്കാന്‍ വിട്ടില്ല; വളര്‍ന്നു വന്നപ്പോള്‍ എന്റെ താത്പര്യം അഭിനയമായിരുന്നില്ല: രൂപേഷ്
Film News
സ്ഫടികത്തിന് ശേഷം വീട്ടുകാര്‍ അഭിനയിക്കാന്‍ വിട്ടില്ല; വളര്‍ന്നു വന്നപ്പോള്‍ എന്റെ താത്പര്യം അഭിനയമായിരുന്നില്ല: രൂപേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2024, 9:05 am

1995ല്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു. 1996ല്‍ ദൂരദര്‍ശന്‍ മലയാളത്തിലെ ‘പ്രണവം’ എന്ന ടെലിവിഷന്‍ പരമ്പരയിലും അദ്ദേഹം അഭിനയിച്ചു.

പിന്നീട് രൂപേഷ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് ബാംഗ്ലൂരിലെ ഡെല്ലില്‍ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്തു. ശേഷം 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

ഈ ചിത്രത്തില്‍ ആദ്യം ഫഹദ് ഫാസിലായിരുന്നു നായകനാകേണ്ടിയിരുന്നത്. എന്നാല്‍ ഫഹദ് ഈ സിനിമ നിരസിക്കുകയായിരുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വിധിയില്‍ വിശ്വാസമുണ്ടെന്ന് പറയുകയാണ് രൂപേഷ് പീതാംബരന്‍.

‘എനിക്ക് വിധിയില്‍ മാത്രമേ വിശ്വാസമുള്ളു. മറ്റൊന്നിലും വിശ്വാസമില്ല. ചില കാര്യങ്ങള്‍ നടക്കാത്തത് വേറെ നല്ല കാര്യം നടക്കാനാകും എന്ന് പറയുന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. അതേസമയം സയന്‍സില്‍ ഞാന്‍ കുറച്ച് കൂടുതല്‍ വിശ്വസിക്കുന്നുണ്ട്.

ഞാന്‍ സ്ഫടികത്തില്‍ പണ്ട് അഭിനയിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ അതിന് ശേഷം വീട്ടുകാര്‍ വിട്ടില്ല. പിന്നെ വളര്‍ന്നു വന്നപ്പോള്‍ എന്റെ താത്പര്യം എഴുത്തിലേക്കും സംവിധാനത്തിലേക്കും മാറി.

പോസ്റ്റ് പ്രൊഡക്ഷന്‍ വിവരം കൂടുതലായത് കൊണ്ട് ആ ധൈര്യത്തിലാണ് ഞാന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയത്. ഞാന്‍ ആദ്യ സിനിമ ഓക്കേയായി പിന്നെ നടക്കാത്ത അവസ്ഥ വന്നപ്പോള്‍ തിരിച്ച് മുമ്പത്തെ ജോലിയിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചതാണ്.

എത്രയോ ആളുകള്‍ ഒരു അവസരത്തിന് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു നടക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും അവര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നില്ല. എല്ലാം അവരുടെ തലയിലെഴുത്താണ്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Destiny