| Thursday, 29th February 2024, 5:44 pm

സ്ഫടികത്തില്‍ ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് യഥാര്‍ത്ഥ ഭാവം വരാന്‍ ഭദ്രന്‍ സാര്‍ പിച്ചിയിരുന്നു: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം. 1995ല്‍ റിലീസായ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. മോഹന്‍ലാല്‍ ഗംഭീരമാക്കിയ ആടുതോമ എന്ന കഥാപാത്രം ഈ സിനിമയിലാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികം 4കെ മികവില്‍ റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു റീ റിലീസ്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതാംബരന്‍ പങ്കുവെച്ചു. സിനിമയിലെ പ്രധാനരംഗങ്ങളിലൊന്നായ തോമസ് ചാക്കോ തന്റെ സുഹൃത്തിന്റെ കൈയില്‍ കോമ്പസ് വെച്ച് കുത്തുന്ന രംഗത്തെക്കുറിച്ചാണ് താരം പറഞ്ഞത്.

‘ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ റിയാക്ഷന്‍ രണ്ട് ടേക്കില്‍ തന്നെ ഓക്കെയായി. പക്ഷേ എതിരെ നില്‍ക്കുന്ന ബാലുവിന്റെ കഥാപാത്രം അവതരിപ്പിച്ച കുട്ടി എത്ര ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല. ഭദ്രനങ്കിള്‍ എത്ര നോക്കിയിട്ടും അത് ശരിയാവുന്നില്ല. കറക്ട് സൗണ്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷേ മുഖത്ത് റിയാക്ഷന്‍ വരുന്നില്ല. അവന്‍ കട്ടിയുള്ള ഗ്ലാസ് വെച്ച കാരണമാണെന്ന് തോന്നുന്നു കറക്ടാവാത്തത്.

സഹികെട്ട് ഭദ്രനങ്കിള്‍ അവന്റെയടുത്ത് ചെന്ന് സാധാരണപോലെ സംസാരിച്ച് ആ സീനിന്റെ റിഹേഴ്‌സല്‍ പോലെ ഒരെണ്ണം എടുത്തു. റിയാക്ട് ചെയ്യേണ്ട സമയത്ത് ഭദ്രനങ്കിള്‍ അവനെ പിച്ചി. പക്ഷേ അത് അവന്‍ പോലും അറിഞ്ഞിരുന്നില്ല. അതിന്റെ റിയാക്ഷന്‍ ഭദ്രനങ്കിളിന് ഓക്കെയായി. അതുതന്നെ മതിയെന്ന് പറഞ്ഞു. എന്നിട്ടാണ് ആ സീന്‍ എടുത്തതും ഓക്കെയായതും,’ രൂപേഷ് പറഞ്ഞു.

Content Highlight: Roopesh Peethambaran shares the experience of Spadikam shooting

We use cookies to give you the best possible experience. Learn more