സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് രൂപേഷ് പീതാംബരന്‍. പിന്നീട് തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും, മെക്‌സിക്കന്‍ അപാരത, കുഞ്ഞെല്‍ദോ, ഗാംബ്ലര്‍ എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സ്ഫടികത്തിന്റെ ഷൂട്ടിങില്‍ ഉണ്ടായ രസകരമായ അനുഭവം സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചു.
‘അന്ന് ഷൂട്ടിന് ഭദ്രന്‍ അങ്കിളും കുമാര്‍ സാറും ഒക്കെ ഉണ്ടായിരുന്നു. ലൈഫില്‍ ആദ്യമായിട്ടാണ് സിനിമാനടന്മാരെ നേരിട്ട് കാണുന്നത്. അന്ന് എനിക്ക് ഷൂട്ടുള്ള അതേ സ്ഥലത്ത് ലാലേട്ടനും ഷൂട്ടുണ്ട്. പക്ഷേ ലാലേട്ടന്‍ അത്രയും നേരമായിട്ടും വന്നിട്ടില്ല. അങ്ങനെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ ഭദ്രനങ്കിളിനോട് ചോദിച്ചു മോഹന്‍ലാല്‍ എപ്പഴാ വരുന്നേ എന്ന്. ഉടനെ തന്നെ നമ്മളീ സീരിയലിലൊക്കെ കാണുന്ന പോലെ എല്ലാവരും ഒരുമിച്ച് എന്നെ ഒരു നോട്ടം. ഭദ്രനങ്കിളും കുമാറങ്കിളും എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഒരു അസോസിയേറ്റ് ഓടിപ്പോയി അവിടെ ഒരു സൈഡിലിരുന്ന് ഡയലോഗ് വായിച്ചുകൊണ്ടിരുന്ന രാജന്‍.പി. ദേവ് ചേട്ടനോട് ഈ കാര്യം പറഞ്ഞു.
പുള്ളി ആ പേപ്പര്‍ സൈഡിലേക്ക് മാറ്റിയിട്ട് എന്നെ നോക്കി. എന്താ ഇപ്പോ വിളിച്ചത് എന്ന അര്‍ത്ഥത്തിലായിരുന്നു ആ നോട്ടം. എല്ലാ കിളിയും പോയ രീതിയിലായിരുന്നു ഞാന്‍. എല്ലാം കഴിഞ്ഞ് പേടിച്ചിരിക്കുമ്പോഴാണ് ലാലേട്ടന്‍ വന്നത്. എല്ലാവരും ലാലേട്ടനോട്, ലാലേ അറിഞ്ഞോ എന്ന് ചോദിച്ചു. ലാലേട്ടന്‍ എന്താ കാര്യമെന്ന് തിരക്കി. ആ സമയം എന്റെ മുട്ട് ഇടിക്കുകയാണ്. എന്താവും ഇനി ഉണ്ടാവുകയെന്ന് ആലോചിച്ചിട്ട്.
എന്തുപറ്റിയെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ഭദ്രനങ്കിള്‍ ഓടി വന്നിട്ട്, ‘ഇവന്‍ മോഹന്‍ലാല്‍ എന്ന് വിളിച്ചു’ എന്ന് പറഞ്ഞു. ഉടനെ ലാലേട്ടന്‍ ‘അതല്ലേ എന്റെ പേര്’ എന്ന് ചോദിച്ചു. ഭദ്രനങ്കിള്‍ പറഞ്ഞു, എന്നാലും ഇവന്‍ മോഹന്‍ലാലിനെ മോഹന്‍ലാല്‍ എന്ന് വിളിച്ചു’ . ‘മോഹന്‍ലാല്‍ എന്ന് പറഞ്ഞാല്‍ തെറിയൊന്നുമല്ലല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി,’ രൂപേഷ് പറഞ്ഞു.
Content Highlight: Roopesh Peethambaran share the experience in Spadikam movie Location