| Saturday, 24th February 2024, 10:48 pm

പൃഥ്വിരാജിന് ഓള്‍ ദ ബെസ്റ്റ്, പൊളിക്കും എന്ന് മെസേജ് അയച്ചപ്പോള്‍ 'ചുമ്മായിരിയെടേയ്' എന്നായിരുന്നു മറുപടി: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് രൂപേഷ് പീതാംബരന്‍. പിന്നീട് തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും, മെക്‌സിക്കന്‍ അപാരത, കുഞ്ഞെല്‍ദോ, ഗാംബ്ലര്‍ എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
താരവും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും, ലൂസിഫര്‍ സിനിമ ഇറങ്ങുന്നതിന് മുമ്പ് പൃഥ്വിക്ക് മെസേജ് അയച്ച സംഭവത്തെക്കുറിച്ചും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

‘സത്യം പറഞ്ഞാല്‍ എനിക്ക് സൂപ്പര്‍ സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യാന്‍ പേടിയാണ്. എപ്പോഴും ചെറിയ സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അതാകുമ്പോള്‍ പരാജയപ്പെട്ടാലും അധികം വിഷമം വരില്ല. മറിച്ച് വലിയ സിനിമകളാണെങ്കില്‍ എങ്ങാനും പരാജയമായാല്‍ എല്ലാവരും നമ്മളെ കുറ്റപ്പെടുത്തും. ഇതാണ് ഇപ്പോള്‍ സേഫ്. മറ്റേത് ടെന്‍ഷനാണ്. അത് ഞാന്‍ ശെരിക്ക് മനസ്സിലാക്കിയത് ലൂസിഫറിന്റെ സമയത്താണ്. സിനിമയുടെ ട്രെയ്‌ലറൊക്കെ ഇറങ്ങി എല്ലാവരും വമ്പന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പൃഥ്വിക്ക് ഓള്‍ ദ ബെസ്റ്റ്, പൊളിക്കും എന്ന് മെസേജ് അയച്ചു. ‘ചുമ്മായിരിയെടേയ്’ എന്നായിരുന്നു റിപ്ലൈ.

കാരണം പുള്ളി നല്ല ടെന്‍ഷനിലാണ്. ലാലേട്ടനെപ്പോലെ ഇത്രയും വലിയ സ്റ്റാറിനെവെച്ച് ഇത്രയും ബജറ്റില്‍ ഒരു പടം ചെയ്യുക എന്ന് വെച്ചാല്‍ അത് ചെറിയ കാര്യമല്ല. എല്ലാവരും പ്രതീക്ഷ വെച്ചിരിക്കുന്നത് പൃഥ്വി എന്ന ഒരൊറ്റ പേരിലാണ്. പടമിറങ്ങി ഹിറ്റടിച്ച് റിപ്പീറ്റ് വാച്ചിന്റെ അയ്യരുകളിയായിരുന്നു. ഇനി അതുപോലെ പൃഥ്വി ടെന്‍ഷനടിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുള്ള സമയം എമ്പുരാന്‍ ഇറങ്ങുമ്പോഴായിരിക്കും.

നമുക്ക് എല്ലാവര്‍ക്കും വിശ്വാസമുള്ള പേര് പൃഥ്വിരാജിന്റെയാണ്. അത് വലിയൊരു കമിറ്റ്‌മെന്റാണ്. ആ സിനിമ ഇറങ്ങി ഹിറ്റായി, സൂപ്പര്‍ സക്‌സസ് ആകുമ്പോഴാണ് നമുക്ക് സമാധാനമാവുക. എനിക്കറിയാവുന്ന എല്ലാ ഫിലിംമേക്കേഴ്‌സും വലിയ സ്റ്റാര്‍സിനെ വെച്ച് പടമെടുക്കുകയാണെങ്കില്‍ അത് ഹിറ്റായിക്കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ അവരെ വിളിക്കാറുള്ളൂ. എങ്ങനും അത് പരാജയമായാല്‍ ഞാന്‍ വിളിക്കാറില്ല, എന്തിനാ വെറുതേ നമ്മള്‍ വിളിച്ച് അവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്’ രൂപേഷ് പറഞ്ഞു.

Content Highlight: Roopesh Peethambaran share the experience after messaging Prithviraj

We use cookies to give you the best possible experience. Learn more