മോഹന്‍ ലാല്‍ നായകനായി ഭദ്രന്‍ സംവിധാനം ചെയ്ത് 1995 ല്‍ റിലീസായ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സ്ഫടികം. തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി, കെ.പി.എ.സി. ലളിത തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് രൂപേഷ് പീതാംബരനായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്‍ തിലകനില്‍ നിന്നുമുണ്ടായ പെരുമാറ്റത്തെ കുറിച്ച് തുറന്ന് പറയുകയാണ് രൂപേഷ്. സ്ഫടികം റീറിലീസുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അനുഭവം പങ്കുവെച്ചത്.
സിനിമയുടെ സെറ്റില്‍ വെച്ച് തിലകന്‍ ചേട്ടന്‍ തന്നെ അവഗണിച്ചെന്നും സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും രൂപേഷ് പറഞ്ഞു. ഇത് വലിയ മാനസിക വിഷമമുണ്ടുക്കിയെന്നും, ആ സമയത്ത് അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ പേടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”സ്ഫടികം ഷൂട്ട് നടക്കുന്ന സമയത്ത് നെടുമുടിവേണു ചേട്ടനും, ലളിതാന്റിയും, ലാലേട്ടനുമൊക്കെ നമ്മളോട് ഭയങ്കര ഫ്രണ്ട്‌ലിയായിട്ടാണ് പെരുമാറിയിരുന്നത്. എന്നാല്‍ ആ സമയത്ത് തിലകന്‍ ചേട്ടന്‍ നമ്മളോട് ഭയങ്കര അകലം പാലിച്ചാണ് നിന്നിരുന്നത്.
സ്‌നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല. ഞാന്‍ എല്ലാവരുമായിട്ടും കമ്പനി അടിച്ച് നടന്നിരുന്നു. പക്ഷെ തിലകന്‍ അങ്കിളുമായി സംസാരിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു,” രൂപേഷ് പറഞ്ഞു.
എന്നാല്‍ പുതുമുഖ നടനായതിനാല്‍ കഥാ പാത്രത്തിന്റെ നാച്ചുറല്‍ ഡപ്ത് കീപ്പ് ചെയ്യാനാണ് അന്ന് അങ്ങനെ പെരുമാറിയതെന്നും ഇതിനെക്കുറിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിലകന്‍ ചേട്ടന്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.
”2010 ല്‍ ഞാന്‍ ചിത്രാഞ്ജലി സ്‌റുഡിയോയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് തിലകന്‍ ചേട്ടന്‍ കാറില്‍ നിന്ന് ഇറങ്ങി വന്നു എന്നെ നോക്കി തോമാ എന്ന് വിളിച്ചു. ഞാനാകെ ഞെട്ടിപ്പോയി . ഞാന്‍ ഓടിച്ചെന്ന് ചോദിച്ചു അങ്കിളിനെന്നെ മനസിലായോ എന്ന്? കാരണം ആ സമയത്ത് എന്റെ രൂപമൊക്കെ വല്ലാതെ മാറിപ്പോയിരുന്നു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു മനസിലാവാതിരിക്കാനോ, നിന്നെ എവിടെ കണ്ടാലും എനിക്ക് മനസിലാകും എന്ന്. ഞങ്ങള്‍ അവിടെ വെച്ച് ഒരുപാട് സംസാരിച്ചു. പോകാന്‍ നേരം ഞാന്‍ അന്ന് ഷൂട്ടിങ് സമയത്ത് നിന്നോട് സംസാരിക്കാതിരുന്നത് നിനക്ക് വിഷമമായോ എന്നദ്ദേഹം ചോദിച്ചു,
ഞാന്‍ മനപൂര്‍വ്വം നിന്നെ ഗ്യാപിട്ട് നിര്‍ത്തിയതാണ്. കാരണം നീ പുതിയൊരു നടനാണ്. അന്ന് ഞാന്‍ നിന്നോട് ഭയങ്കര ഫ്രണ്ട്‌ലിയായിരുന്നെങ്കില്‍ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോ അവിടെ നഷ്ടമായേനേ എന്ന്.
അന്നദ്ദേഹം അങ്ങനെ കാണിച്ചത് സ്‌ക്രീനില്‍ ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള നാച്ചുറല്‍ ഇംപാക്ട് ഉണ്ടാവാന്‍ വേണ്ടിയാണ്. അദ്ദേഹം ആ ടെംപോ കീപ്പ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്നോട് വന്ന് സംസാരിച്ചു. അത് വല്ലാത്തൊരു അനുഭവമായിരുന്നു,” രൂപേഷ് പറഞ്ഞു.
Content Highlights: Roopesh peethambaran about Spadikam film shooting experience with Thilakan