ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളും മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബി.ജെ.പി എം.പി രൂപ ഗാംഗുലി
national news
ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളും മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരുമാണെന്ന് ബി.ജെ.പി എം.പി രൂപ ഗാംഗുലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2018, 10:00 am

 

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളും മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറ്റക്കാരുമെന്ന് ബി.ജെ.പി എം.പി രൂപ ഗാംഗുലി. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വിഭജനം നടത്തിയതുകൊണ്ട് പാകിസ്ഥാന്‍ മുസ്‌ലിം രാഷ്ട്രമായി. ബംഗ്ലാദേശ് പ്രധാനമായും മുസ്‌ലീങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ബംഗാള്‍ ഇന്ത്യയുടെ ഭാഗമാണ് അത് ബംഗ്ലാദേശില്‍ നിന്നും തിരിച്ചുവരുന്ന ഹിന്ദുക്കള്‍ക്കുള്ളതാണെന്നും അവര്‍ പറഞ്ഞു.

Also Read:കേരളത്തിന് അടിയന്തര സഹായമായി 2000 കോടി അനുവദിക്കണം: പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ഹിന്ദുക്കള്‍മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലേക്കു വന്ന ബുദ്ധിസ്റ്റുകളും, ജൈനരുമെല്ലാം അഭയാര്‍ത്ഥികളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വലിയൊരു വിഭാഗം മുസ്‌ലീങ്ങളെ പുറത്താക്കുന്ന ആസം പൗരത്വ രജിസ്റ്ററിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ആസാം പൗരത്വ രജിസ്റ്റര്‍ “ഒരു ആഭ്യന്തര യുദ്ധത്തിന്” വഴിവെക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂപാ ഗാംഗുലി രംഗത്തുവന്നിരുന്നു.

ബംഗാളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ മമത കാണുന്നില്ലേയെന്നു പറഞ്ഞാണ് രൂപ ഗാംഗുലി മമതയുടെ വിമര്‍ശനത്തെ പ്രതിരോധിച്ചത്.