വ്യാഴാഴ്ച ഇംഗ്ലണ്ടിനായി തന്റെ അവസാന മത്സരം കളിക്കുന്ന റൂണി മൈതാനത്തിറങ്ങുക ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ച്. റൂണിക്കായി 10ാം നമ്പര്‍ ജെഴ്‌സിയും മാറ്റി വെക്കും. അമേരിക്കയ്‌ക്കെതിരായി വെംബ്ലിയിലാണ് കളി നടക്കുന്നത്.
സിറ്റി താരമായ ഫാബിയന്‍ ഡെല്‍ഫാണ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍. രണ്ടാം പകുതിയില്‍ റൂണിയെ പകരക്കാരനായി ഇറക്കുമ്പോള്‍ ഡെല്‍ഫ് ആം ബാന്‍ഡ് കൈമാറുകയായിരിക്കും.
“ഇംഗ്ലണ്ട് ടീമില്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ റൂണിയായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹമാണ് എന്നെ ടീമിലേക്ക് സ്വീകരിച്ചിരുന്നത്.” ഡെല്‍ഫ് പറഞ്ഞു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും 2017 ആഗസ്റ്റില്‍ വിരമിച്ച റൂണിയെ വിരമിക്കല്‍ മത്സരം നല്‍കുന്നതിനായി കോച്ച് ഗാരെത് സൗത്ത് ഗേറ്റ് തിരിച്ചു വിളിക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ കളി കഴിഞ്ഞതിന് ശേഷം ഞായറാഴ്ച നാഷന്‍സ് കപ്പില്‍ ക്രൊയേഷ്യയെ നേരിടുന്നതിന് മുമ്പായി റൂണി ഇംഗ്ലണ്ട് ടീം വിടും.
ഇംഗ്ലണ്ടിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൂണി. മുപ്പത്തിമൂന്നുകാരനായ താരം 119 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ മത്സരത്തിന് അവസരം നല്‍കിയ ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിന് റൂണി നന്ദി പറഞ്ഞിരുന്നു. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.
2003 ഫെബ്രുവരി 12നായിരുന്നു റൂണിയൂടെ ഇംഗ്ലീഷ് കുപ്പായത്തിലുള്ള അരങ്ങേറ്റം. 2016 നവംബറില്‍ സ്‌കോട്ലന്‍ഡിനെതിരെ ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്.