ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റിന് ശേഷം ഉയര്‍ന്നുകേള്‍ക്കുന്നത് കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരുടെ പേരുകളാണ്. പി.എസ്.ജിക്കായി എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാലണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് വെയ്ന്‍ റൂണി.
മെസി-റോണോ ഗോട്ട് ഡിബേറ്റ് പഴങ്കഥയാവുകയാണെന്നും ആധുനിക ഫുട്‌ബോളില്‍ എംബാപ്പെയും ഹാലണ്ടുമാണ് മെസിക്കും റൊണാള്‍ഡോക്കും പകരക്കാരായി എത്തുന്നതെന്നും റൂണി പറഞ്ഞു. ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് മെസി-റോണോ ഇതിഹാസങ്ങളെ പോലെ ഹാലണ്ടും എംബാപ്പെയും വളരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരമാണ് സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്.
സിറ്റിക്കായി ഇതിനകം 28 പ്രീമിയര്‍ ലീഗ് ഗോളുകളും 10 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും നേടിയ താരം ഫുട്‌ബോളില്‍ മികച്ച ചുവടുവെപ്പുകളാണ് നടത്തുന്നത്. ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് പി.എസ്.ജി അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലും മികച്ച ഫോമില്‍ തുടരുകയാണ് മെസിയും റൊണാള്‍ഡോയും. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു.
നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ബാഴ്‌സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.