ഒരു പന്തിന്റെ പിന്നാലെ 22 പേര്‍ 90 മിനറ്റ് പായുന്ന മസ്തിഷ്‌കത്തെ ഭ്രമിപ്പിക്കുന്ന ഫുട്‌ബോളിന്റെ ആരാധകനായത് സ്വപ്‌നങ്ങളുടെ തിരശ്ശീലയില്‍ റൂണിയെന്ന സ്‌ഫോടനാത്മക ചെറുപ്പക്കാരന്റെ കളി കണ്ടാണ്. റൂണിയുടെ വിരമിക്കലിനോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ ആരോ ഇട്ട പോസ്റ്റാണ്. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ആ ചെമ്പന്‍ മുടിക്കാരന്‍ പടിയിറങ്ങുമ്പോള്‍ ഓരോ ആരാധകന്റെ ചങ്കിലും ശ്വാസം നിലയ്ക്കുകയാണ്. ഇനി റൂണിയില്ലെന്ന് ഓരോരുത്തരും തിരിച്ചറിയുന്നു.
ഇനി ത്രീ ലയണ്‍സിന്റെ കുപ്പായത്തില്‍ വെയ്ന്‍ റൂണിയെന്ന ഇതിഹാസമില്ല. ഭാവിയില്‍ പരിശീലകന്‍ ആകാനുള്ള യാത്രയില്‍ ഇംഗ്ലീഷ് കുപ്പായം റൂണി അഴിച്ചു.
അമേരിക്കയ്‌ക്കെതിരെ വെംബ്ലിയില്‍ ഇന്നലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ പോരാട്ട വീര്യത്തിന്റെ ചരിത്രമുള്ള വെംബ്ലിയും ഒരു നിമിഷം നിശബ്ദമായി. ഇനി വെംബ്ലിയുടെ വല കുലുക്കാന്‍ റൂണിയെന്ന ഇതിഹാസം ഇല്ലെന്ന തിരിച്ചറിവില്‍.
58-ാം മിനിറ്റില്‍ ലിംഗാര്‍ഡിനെ പിന്‍വലിച്ച് അവസാന അങ്കത്തിന് വെംബ്ലിയിയില്‍ റൂണി ഇറങ്ങുമ്പോള്‍ ഗ്യാലറി ഒന്നടങ്കം ആര്‍ത്തിരമ്പി. റൂണീ…റൂണീ…
പണ്ട് ഒള്‍ഡ് ട്രഫോര്‍ഡില്‍ ആര്‍ത്തിരമ്പിയ അതേ ശബ്ദം, അതേ താളത്തില്‍ അവസാനമായി വെംബ്ലിയില്‍ മുഴങ്ങി. റൂണി ഓരോ തവണ പന്തില്‍ സ്പര്‍ശിക്കുമ്പോഴും സ്റ്റേഡിയം ആര്‍ത്തിരമ്പി.
ഇംഗ്ലണ്ട് കണ്ട് ഏറ്റവും മികച്ച ഫിനിഷറായിരുന്നു റൂണി. സ്‌ഫോടനാത്മകമായ കൗമാരത്തില്‍ നിന്ന്് പക്വതയെത്തിയ യൗവനത്തിലേക്ക് റൂണിയെന്ന ഫുട്‌ബോളറുടെ യാത്ര പ്രശംസനീയമാണ്.
ഇംഗ്ലണ്ട് സീനിയര്‍ ടീമിനായി 120 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ താരം നേടി. മാഞ്ചസ്റ്റര്‍ .യുണൈറ്റഡിനായി 559 മത്സരങ്ങളില്‍ നിന്ന് 253 ത്രസിപ്പിക്കുന്ന ഗോളുകള്‍. ഇിതനൊപ്പം നിരവധി പുരസ്‌കാരങ്ങളും റൂണിയെ തേടിയെത്തി.
2017ല്‍ എഫ്.ഡബ്ല്യു.എ.ട്രീബ്യൂട്ട് അവാര്‍ഡ്, 2004ല്‍ ഫിഫയുടെ മികച്ച യുവതാരങ്ങള്‍ക്കുള്ള അവാര്‍ഡ്, 2004ല്‍ തന്നെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ താരത്തെ തേടിയെത്തി.
ഇംഗ്ലണ്ടിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ റൂണി ഇനി ത്രീലയണ്‍സിന്റെ തൂവെള്ളക്കുപ്പായത്തില്‍ ഉണ്ടാകില്ല.
സുരക്ഷിതമായ കൈകളിലാണ് ഇംഗ്ലണ്ടിപ്പോള്‍. ഈ ടീം ഒരുപാട് ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച യുവതാരങ്ങളും നമുക്കുണ്ട്. പക്ഷെ എനിക്കൊരു സങ്കടമേ ഉള്ളൂ. ഇംഗ്ലണ്ടിനായി ലോകകപ്പ് നേടാന്‍ എനിക്കായില്ല. റൂണി പറഞ്ഞു നിര്‍ത്തി. അപ്പോഴും വെംബ്ലി ഉറക്കെ വിളിച്ചുകൊണ്ടേ ഇരുന്നു..റൂണീ… റൂണി..