അവനെപ്പോലെ കളിക്കാൻ ലോകത്തിനി റൊണാൾഡോക്ക് മാത്രമേ സാധിക്കൂ; ഗോളടി വീരനെക്കുറിച്ച് റൂണി
football news
അവനെപ്പോലെ കളിക്കാൻ ലോകത്തിനി റൊണാൾഡോക്ക് മാത്രമേ സാധിക്കൂ; ഗോളടി വീരനെക്കുറിച്ച് റൂണി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th March 2023, 9:04 am

യൂറോപ്പ് വിട്ടതിന് ശേഷം സൗദി അറേബ്യയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഇതിഹാസ താരം റൊണാൾഡോ. സൗദി ക്ലബ്ബായ അൽ നസറിന് വേണ്ടിയാണ് റോണോ ഇപ്പോൾ ബൂട്ട് കെട്ടുന്നത്. റൊണാൾഡോയുടെ സൗദിയിലേക്കുള്ള വരവിന് പിന്നാലെ അൽ നസറിന്റെ ബ്രാൻഡ് മൂല്യത്തിലും ഓഹരി മൂല്യത്തിലും വലിയ വർധനവുണ്ടായിരുന്നു.

ഇതിന് പിന്നാലെ ടോട്ടൻഹാം ഹോട്സ്പറിന്റെ സൂപ്പർ താരമായ ഹാരി കെയ്നെ അൽ നസർ തങ്ങളുടെ ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

റൊണാൾഡോക്കൊപ്പം അൽ നസറിന്റെ മുന്നേറ്റ നിരയിൽ ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാൾ കൂടിയായ ഹാരി കെയ്ൻ കൂടിയെത്തിയാൽ തങ്ങളുടെ ലീഗ് ടൈറ്റിൽ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്നാണ് അൽ നസർ മാനേജ്മെന്റിന്റെ പ്രതീക്ഷ.

എന്നാലിപ്പോൾ റൊണാൾഡോയേയും ഹാരി കെയ്നെയും കുറിച്ച് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായിരുന്ന വെയ്ൻ റൂണി.

ഹാരി കെയ്ൻ കളിക്കളത്തിൽ ഗംഭീരമായ പ്രകടന മികവ് കാഴ്ചവെക്കാൻ കഴിയുന്ന താരമാണെന്നും കെയ്നെപ്പോലെ കളിക്കുന്ന മറ്റൊരു താരം റൊണാൾഡോ മാത്രമാണെന്നുമായിരുന്നു റൂണിയുടെ അഭിപ്രായം.

മാഞ്ചസ്റ്റർ ഈവനിങ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു റൂണി കെയ്നെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“ഹാരിയുടെ പ്രകടനം കാണുന്നത് തന്നെ ആവേശകരമായ ഒരു അനുഭവമാണ്. അദ്ദേഹം കളി നിർത്തി മടങ്ങിയാലും കെയ്ന്റെ റെക്കോഡ് തകർക്കപ്പെടാൻ സാധ്യതയില്ല,’ റൂണി പറഞ്ഞു.

“ലെവൻഡോസ്കിയെ പോലെ മുപ്പതുകളുടെ മധ്യത്തിലും ഗോളടിച്ച് കൂട്ടുന്ന ഒരു ഗോൾ മെഷീനാണ് അദ്ദേഹം. അദ്ദേഹം വിചാരിക്കുന്നത് കളിക്കളത്തിൽ കെയ്ൻ നടപ്പിലാക്കിയിരിക്കും,’ റൂണി കൂട്ടിച്ചേർത്തു.

“കെയ്നെപ്പോലെ കളിക്കുന്ന മറ്റൊരു താരം റൊണാൾഡോയാണ്. ഗോൾ നേടാനുള്ള ആർത്തിയും വ്യക്തിഗതമായ പ്രഭാവവും ഇരു താരങ്ങൾക്കുമുണ്ട്. വിജയിക്കാൻ അത് അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം റൂണിയുടെ ക്ലബ്ബായ ടോട്ടൻ ഹാം പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ്. ഏപ്രിൽ നാലിന് എവർട്ടണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Rooney compares Cristiano Ronaldo and Harry Kane